സ്ത്രീകൾക്കായി ഓൺലൈൻ ‘ജിഹാദി കോഴ്‌സ്’ ആരംഭിച്ച് ജെയ്‌ഷെ മുഹമ്മദ്; നേതൃത്വം നൽകുന്നത് മസൂദ് അസ്ഹറിന്റെ സഹോദരികൾ

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം നൽകിയ കനത്ത തിരിച്ചടി പാകിസ്ഥാന് വൻ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്. അതിന് പിന്നാലെയാണ് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തന്ത്രപരമായ നീക്കത്തിലൂടെ അടിത്തറ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആംഭിച്ചത്. ഇതിന്റെ ഭാഗമായാണ് സ്ത്രീകൾക്കായി ഓൺലൈൻ ‘ജിഹാദി കോഴ്‌സ്’ ആരംഭിച്ചത്. ഇതിനു ഫീസായി ഈടാക്കുന്നത് 500 പാകിസ്ഥാൻ രൂപയാണ് (156 INR).
‘ജമാഅത്ത് ഉൽ മോമിനാത്ത്’ എന്ന് പേരിട്ടിരിക്കുന്ന ഈ വനിതാ വിഭാഗം ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ രണ്ട് സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറുമാണ് ഇതിന് നേതൃത്വം നൽകുന്നത്. ഈ കോഴ്‌സ് വഴി റിക്രൂട്ട്‌മെന്റ് എളുപ്പമാക്കാനും പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും സാധിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെയും മദ്രസകളിലെ വിദ്യാർത്ഥിനികളെയും ജെയ്‌ഷെ കമാൻഡർമാരുടെ ഭാര്യമാരെയും ലക്ഷ്യമിട്ടാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വിദ്യാഭ്യാസമുള്ള മുസ്ലീം സ്ത്രീകളെ ആകർഷിക്കാൻ മതപരമായ ചിത്രീകരണങ്ങളും രക്തസാക്ഷിത്വത്തിനായുള്ള ആഹ്വാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജെയ്‌ഷെ മുഹമ്മദ് സ്ത്രീകൾക്ക് സായുധ ജിഹാദിലോ യുദ്ധ ദൗത്യങ്ങളിലോ പങ്കെടുക്കാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിനാണ് ഇപ്പോൾ മാറ്റം വരുത്തിയത്. ISIS, ബൊക്കോ ഹറാം തുടങ്ങിയ മറ്റ് ഭീകരസംഘടനകൾ ജിഹാദി പ്രവർത്തനങ്ങൾക്കായി സ്ത്രീകളെ ഉപയോഗിക്കുന്നുണ്ട്. ചാവേർ ആക്രമണങ്ങൾക്ക് വരെ അവരെ പരിശീലിപ്പിക്കുന്നു. ഇതേ പ്രവർത്തനരീതിയാണ് ജെയ്‌ഷെ മുഹമ്മദും സ്വീകരിച്ചത്.
ഇത് രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ വെല്ലുവിളിയാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഓൺലൈൻ നെറ്റ്‌വർക്കിലൂടെ ജമ്മു കശ്മീർ, ഉത്തർപ്രദേശ്, തുടങ്ങി ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങങ്ങളിലേക്ക് വനിതാ വിഭാഗത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here