പാക് അധിനിവേശ കാശ്മീരിൽ തീവ്രവാദ പരിശീലനം നടത്തുമെന്ന് ജെയ്‌ഷെ മുഹമ്മദ്; ലക്ഷ്യം സ്ത്രീകളും കുട്ടികളും

പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരോധിത തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ജനുവരി 1 മുതൽ പാക് അധീന കശ്മീരിൽ ഏഴു ദിവസത്തെ തീവ്രവാദ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. തർബിയ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പ് മിർപൂരിലാണ് നടക്കുകയെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്തു. ഗർഹി ഹബീബുള്ള, ബാലക്കോട്ട് എന്നിവിടങ്ങളിൽ ജെയ്‌ഷെ മുഹമ്മദ് പരസ്യമായി റാലികൾ സംഘടിപ്പിക്കുന്നുണ്ട്. ഈ റാലികളിൽ പങ്കെടുക്കുന്ന കൊച്ചു കുട്ടികളെപ്പോലും തീവ്രവാദ പ്രവർത്തനങ്ങൾക്കായി സംഘടന റിക്രൂട്ട് ചെയ്യുന്നതായാണ് വിവരം.
Also Read : ബെംഗളൂരുവിൽ തീവ്രവാദ പ്രവർത്തനം നടത്തിയ ലഷ്‌കർ ഭീകരൻ റുവാണ്ടയിൽ പിടിയിൽ; നിർണായകമായത് എൻഐഎ – ഇൻ്റർപോൾ നീക്കം
ലഷ്‌കർ-ഇ-ത്വയ്യിബ പാക് അധീന കശ്മീരിൽ അവരുടെ വനിതാ വിഭാഗത്തെ സജീവമാക്കിയിട്ടുണ്ട്. ചാവേർ ആക്രമണങ്ങൾക്കായി സ്ത്രീകളെ സജ്ജമാക്കാൻ ‘ദുഖ്താരൻ-ഇ-ഇസ്ലാം’ എന്ന പേരിൽ പുതിയ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഐസ്ഐസ്, ഹമാസ് മാതൃകയിൽ ഒരു വനിതാ ബ്രിഗേഡ് രൂപീകരിക്കാനാണ് ജെയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത്. മസൂദ് അസ്ഹറിന്റെ സഹോദരിമാരായ സാദിയ അസ്ഹർ, സുമൈറ അസ്ഹർ എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി ഓൺലൈൻ പരിശീലന ക്ലാസ്സുകൾ നടക്കുന്നുണ്ട്. ‘തുഫാത്ത് അൽ മുമിനത്ത്’ എന്ന ഓൺലൈൻ കോഴ്‌സിലൂടെയാണ് തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്.
Also Read : ഓപ്പറേഷൻ സിന്ദൂറിൻ്റെ ക്ഷീണം മാറിയോ; വീണ്ടും തയ്യാറെടുത്ത് ഇന്ത്യ
കഴിഞ്ഞ ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന തീവ്രവാദ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ൽ തകർന്ന തീവ്രവാദ ക്യാമ്പുകൾ പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇന്ത്യക്കെതിരെ പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ എന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ ഇന്ത്യൻ സുരക്ഷാ സേനയും രഹസ്യാന്വേഷണ ഏജൻസികളും ഈ പ്രവർത്തനങ്ങളെ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here