ഇന്റർനെറ്റ് സേവനങ്ങൾ നിർത്തി, പരീക്ഷകൾ മാറ്റി; ജമ്മു കശ്മീരിൽ സംഘർഷാവസ്ഥ രൂക്ഷം

ആം ആദ്മി പാർട്ടി എംഎൽഎ മെഹ്‌രാജ് മാലിക്കിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഉണ്ടായ വൻ പ്രതിഷേധങ്ങളെയും സംഘർഷങ്ങളെയും തുടർന്ന് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തി വച്ചു. ദോഡ മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ബോർഡ് പരീക്ഷകളും മാറ്റിവച്ചു.

ഗ്രാമവാസിയുടെ വാടക സംബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റുമായി ഉണ്ടായ തർക്കമാണ് മെഹ്‌രാജ് മാലിക്കിന്റെ അറസ്റ്റിൽ കലാശിച്ചത്. എംഎൽഎ മജിസ്ട്രേറ്റിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിനാണ് ദിവസങ്ങൾക്കു ശേഷം കേസെടുത്തത്. തുടർന്നായിരുന്നു അറസ്റ്റ്. ജില്ലാ മജിസ്ട്രേറ്റ് ആയ ഹർവീന്ദർ സിംഗ് ആണ് മാലിക്കിനെതിരെ പൊതുസുരക്ഷാ നിയമം പ്രകാരം കേസെടുത്തത്. വിചാരണയോ പ്രോസിക്യൂഷനോ ഇല്ലാതെ തന്നെ ഒരു വ്യക്തിയെ രണ്ട് വർഷം വരെ തടവിലാക്കാം കഴിയുന്ന വകുപ്പാണ് ചുമത്തിയത്.

ഇതിനു പിന്നാലെയാണ് എംഎൽഎയെ മോചിപ്പിക്കണമെന്ന് ആവശ്യപെട്ട് ദോഡ മേഖലയിൽ പ്രതിഷേധം ആരംഭിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകവും ലാത്തി ചാർജ് നടത്തേണ്ടി വന്നു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. അതേസമയം, മാലിക്കിന്റെ കുടുംബം ശ്രീനഗറിലെത്തി മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ കണ്ടു. മാലിക്കിനെതിരെയുള്ള നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതെന്നാണ് ഒമർ അബ്ദുള്ള പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top