“സുരേഷ് ഗോപി ഉണ്ണുന്ന ചോറില്‍ മണ്ണ് വരിയിടുന്നു”; ജാനകി സിനിമാ വിവാദത്തില്‍ അഭിപ്രായം പറയണമെന്ന് കെസി വേണുഗോപാല്‍

സിനിമ ചോറാണെന്ന് പറയുന്ന കേന്ദ്രന്ത്രി സുരേഷ് ഗോപി തന്റെ സിനിമയായ ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്കെതിരെ സെന്‍സര്‍ ബോര്‍ഡ് നടത്തുന്ന നീക്കങ്ങളില്‍ പ്രതികരണം നടത്തണമെന്ന് കോണ്‍ഗ്രസ്. തന്റെ ചോറിന് മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും സുരേഷ് ഗോപി നിശബ്ദനാണ്. മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും സുരേഷ് ഗോപി ശബ്ദിക്കണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സിനിമയില്‍ നിലനിന്നിട്ടുണ്ട്. ആ സര്‍ഗാവിഷ്‌കാരങ്ങളുടെ കടയ്ക്കല്‍ കത്തി വെയ്ക്കാന്‍ കാലങ്ങളോളം ഒരു സ്ഥാപനവും മുതിര്‍ന്നിട്ടുമില്ല. സിനിമയായാലും സാഹിത്യമായാലും ഈ ശീര്‍ഷകങ്ങളും പേരുകളും നിശ്ചയിക്കാനുള്ള അവകാശം അത് സൃഷ്ടിച്ചവര്‍ക്കാണ്. ഇത് രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമാണത്. ആ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ഭരണഘടനയോടുള്ള അവഹേളനവുമാണ് സെന്‍സര്‍ ബോര്‍ഡ് നടത്തുന്നതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
എമ്പുരാന്‍ എന്ന സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം പോലും അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ട സ്ഥിതിയുണ്ടായി. എവിടേക്കാണ് ഈ രാജ്യത്തെ കൊണ്ടുപോകുന്നത്? ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടത്? വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുമാണ്. കോടതി വരെ കയറിയ വിഷയത്തില്‍ ഇപ്പോഴും നിശബ്ദത പാലിക്കുന്നത് സംശയാസ്പദമാണെന്നും വേണുഗോപാല്‍ ആരോപിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here