ബിജെപിക്കൊപ്പവും ഇടതിനൊപ്പവും ഒരേസമയം ജെഡിഎസ്; ഈ തിരഞ്ഞെടുപ്പിലും എതിര്‍പ്പില്ലാതെ സിപിഎം

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ സമര്‍പ്പണവും സ്‌ക്രൂട്ടിനിയും പൂര്‍ത്തിയായതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു കഴിഞ്ഞു. ദേശീയതലത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയിലും കേരളത്തിൽ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിലും ഒരുപോലെ ഇത്തവണയും തുടരുന്ന ജനതാദള്‍ സെക്കുലര്‍ (ജെഡി-എസ്) എന്ന പാർട്ടി യഥാർത്ഥത്തിൽ വിസ്മയമാണ്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ പ്രസിഡന്റായ ജനതാദള്‍ എസിന് കേന്ദ്രത്തിലെ എൻഡിഎ മന്ത്രിസഭയില്‍ അംഗത്വമുണ്ട്. കർണാടകയിലും അവർ ബിജെപിക്കൊപ്പം തന്നെ. അതേസമയം കേരളത്തിലെ ഇടതു മന്ത്രിസഭയിലും പ്രാതിനിധ്യം ഉണ്ട്.

നയങ്ങളിലും ആശയങ്ങളിലും തികച്ചും വ്യതസ്തത പുലര്‍ത്തുന്ന രണ്ട് മുന്നണികളിൽ ഒരേസമയം പ്രവര്‍ത്തിക്കുന്നതില്‍ ജെഡിഎസിന് യാതൊരു ആശയപ്രശ്നങ്ങളും ഇല്ല എന്നതാണ് അതിശയിപ്പിക്കുന്നത്. സംഘപരിവാറിനെ എതിർക്കാൻ തങ്ങളെയുള്ളൂ എന്ന് രാജ്യമാകെ പ്രചാരണം നടത്തുന്ന സിപിഎമ്മിന് ഈ ബിജെപി ബാന്ധവത്തിൽ ഒരു പരാതിയുമില്ല എന്നതാണ് അതിലേറെ ഞെട്ടിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ദേശീയതലത്തിൽ എൻഡിഎക്കൊപ്പം ചേരാൻ ജെഡിഎസ് തീരുമാനിച്ചത്. ഇതിനെതിരായ നിലപാടാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചത്. എന്നാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന ഭയത്തില്‍ കേരളത്തിലെ നിയമസഭാംഗങ്ങളായ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമായി തുടരുകയുമാണ്.

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നൊക്കെ പലവട്ടം പറഞ്ഞെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചില്ല. ദേവഗൗഡ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ചിഹ്നമായ ’നെല്‍ക്കറ്റ ഏന്തിയ കര്‍ഷകസ്ത്രീ’ ചിഹ്നത്തിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടു വാര്‍ഡില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്.

ALSO READ : ജനതാദൾ (എസ് ) എന്ന ‘കുമ്പിടി’ പാർട്ടി; കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ മന്ത്രിസഭകളിൽ കാണുന്ന അത്ഭുത പ്രതിഭാസം!!

ജനതദള്‍ (എസ്) എന്ന രാഷ്ട്രീയപാര്‍ട്ടി രണ്ട് വ്യത്യസ്ത ആശയങ്ങളും നിലപാടുകളും പിന്തുടരുന്ന മുന്നണികളുടെ മന്ത്രിസഭകളില്‍ തുടരുന്നതിലെ രാഷ്ട്രീയ നൈതികത ഇല്ലായ്മയാണ് അതിശയിപ്പിക്കുന്നത്. കര്‍ണാടകത്തിലും കേന്ദ്രത്തിലും ബിജെപിക്കൊപ്പം; കേരളത്തില്‍ സിപിഎം നയിക്കുന്ന ഇടതുമുന്നണിയിലും. ഇന്ത്യയിലെ മറ്റൊരു പാര്‍ട്ടിയും ഇങ്ങനെ ഒരു കാപട്യം നിറഞ്ഞ സമീപകാലത്തൊന്നും കാണിച്ചിട്ടില്ല.

ദേശീയ പാര്‍ട്ടിയുമായി ബന്ധം വിച്ഛേദിക്കുമെന്ന് പലതവണ കേരള നേതാക്കള്‍ പറഞ്ഞെങ്കിലും അവരിപ്പോഴും ദേവഗൗഡയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടുപോവുകയാണ്. ദേവഗൗഡയുടെ അനുവാദമില്ലാതെ ഇവിടെ മത്സരിക്കുന്നവർക്ക് അവരുടെ ചിഹ്നം എങ്ങനെ അനുവദിക്കുമെന്ന ചോദ്യത്തിന് മന്ത്രി കൃഷ്ണന്‍കുട്ടിക്കും മാത്യൂ ടി തോമസിനും മറുപടി ഇല്ല. ഇന്ത്യാ മുന്നണിയുടെ ഭാഗമായ സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി എം എ ബേബിക്കും ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല.

ALSO READ : പിണറായിക്ക് നന്ദി അറിയിച്ച് കുമാരസ്വാമി; നന്ദി ആയുധമാക്കി പ്രതിപക്ഷം, എല്ലാം വ്യക്തമായെന്ന് വി.ഡി. സതീശൻ

‘ജെഡിഎസിനെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിച്ചതും ഇടത് മുന്നണി ഘടകകക്ഷിയായി നിലനിര്‍ത്തിയിരിക്കുന്നതും പിണറായി വിജയന്റെ മഹാമനസ്‌കതയാണ്’ എന്നാണ് കേന്ദ്രമന്ത്രിയും ദേവഗൗഡയുടെ മകനുമായ എച്ച്ഡി കുമാരസ്വാമി നേരത്തെ പറഞ്ഞത്. സംഘപരിവാര്‍ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന പ്രതിപക്ഷവാദം വീണ്ടും ഉയരുന്നത് ഈ സാഹചര്യത്തിലാണ്. ബിജെപിയുമായുള്ള ചങ്ങാത്തം തുടരാന്‍ പിണറായി വിജയന്‍ കണ്ടുപിടിച്ച കുറുക്കുവഴിയാണിത് എന്നും പ്രതിപക്ഷം ആരോപിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top