കേരള ടൂറിസത്തിന്റേയും വള്ളംകളിയുടെയും ആദ്യ ബ്രാന്‍ഡ് അംബാസിഡര്‍ സാക്ഷാല്‍ നെഹ്‌റു; മുഖ്യമന്ത്രിമാര്‍ക്കുളള കത്തില്‍ മത്സരം ആസ്വദിച്ച കാര്യം ആവേശത്തോടെ എഴുതി

ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ആലപ്പുഴയിലെ പുന്നമടക്കായലില്‍ തുഴവീഴുകയാണ്. രാജ്യത്തിന്റെ ആദ്യപ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ തിരു- കൊച്ചി (കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ്) സംസ്ഥാന സന്ദര്‍ശന ത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍ വളളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്.
1952 ഡിസംബര്‍ 27 ന് ആലപ്പുഴ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടന്‍വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്റു മത്സരാന്ത്യത്തില്‍ സകല സുരക്ഷാക്രമീകരണങ്ങളും കാറ്റില്‍പ്പറത്തി വള്ളംകളിയില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി.

നെഹ്റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികള്‍ അദ്ദേഹത്തെ ചുണ്ടന്‍വള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീര്‍ന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയില്‍ നെഹ്റുവിനൊപ്പം ഉണ്ടായിരുന്നു.
ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നെഹ്റു സംഘാടക സമിതിക്ക് അയച്ചുകൊടുത്തു. ഈ മാതൃകയാണ് വിജയികള്‍ക്കു നല്‍കൂന്ന നെഹ്റൂ ട്രോഫി. തുടക്കത്തില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്റുവിനോടുള്ള ആദര സൂചകമായി കപ്പിന്റെ പേര് നെഹ്റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.

വള്ളം കളി ആസ്വദിച്ച പണ്ഡിറ്റ് നെഹ്‌റു രാജ്യത്തെ മുഖ്യമന്ത്രിമാര്‍ക്ക് അയക്കുന്ന പ്രതിവാര കത്തില്‍ ചുണ്ടന്‍ വള്ളത്തെക്കുറിച്ചും, കായല്‍ യാത്രയെ കുറിച്ചുമെല്ലാം ആവേശത്തോടെ പ്രതിപാദിച്ചിട്ടുണ്ട്. ഒരു പക്ഷേ, നെഹ്‌റുവായിരിക്കാം കേരളത്തിന്റെ തനത് കായിക രൂപമായ വള്ളം കളിയെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ ആദ്യമായി പ്രചരണം നടത്തിയത്. ബാക്ക് വാട്ടര്‍ ടൂറിസത്തിന്റെ സാധ്യത തന്നെ തുറന്നിട്ടതും രാഷ്ട്ര ശില്പിയായ നെഹ്‌റു തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ 1947ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ മന്ത്രിസഭകളും നിലവിലുണ്ടായിരുന്നു. രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ജനാധിപത്യതത്വങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയും ഭരണപരമായ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടും പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ ഭരണത്തലവന്‍മാരായ മുഖ്യമന്ത്രിമാര്‍ക്ക് എല്ലാ ആഴ്ചയിലും വിവിധ വിഷയങ്ങളെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും ഔദ്യോഗിക വിവരങ്ങള്‍ അടങ്ങിയതും അല്ലാത്തതുമായ കാര്യങ്ങള്‍ പ്രതിപാദിച്ചു കൊണ്ട് കത്തുകളെഴുതുന്നത് പതിവായിരുന്നു. ചിലപ്പോള്‍ അടുത്തടുത്ത ദിവസങ്ങളില്‍ വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ചും അദ്ദേഹം എഴുതിയിരുന്നു.
ഇത്തരം കത്തുകളില്‍ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും അദ്ദേഹം നടത്തുന്ന യാത്രകളെക്കുറിച്ചും അവിടെ കാണുന്ന കാഴ്ചകള്‍, പങ്കെടുക്കുന്ന പരിപാടികള്‍ ഇതിനെക്കുറിച്ചെല്ലാം എഴുതുക പതിവായിരുന്നു. 1947 മുതല്‍ 1964 വരെ അദ്ദേഹം എഴുതിയ കത്തുകള്‍ സമാഹരിച്ച് പുസ്തക രൂപത്തില്‍ ഇറക്കിയിട്ടുണ്ട്.
1952 ഡിസംബര്‍ 22 ന് ന്യൂഡല്‍ഹിയില്‍ നിന്ന് എഴുതിയ ദീര്‍ഘമായ കത്തിന്റെ അവസാന പാരഗ്രാഫില്‍ പിറ്റേന്ന് ( 23) ന് താന്‍ ആറ് ദിവസത്തേക്ക് തിരു-കൊച്ചി ( Travancore – Cochin ) സന്ദര്‍ശനത്തിന് പോകയാണെന്നും ആലുവയില്‍ ഒരു മോണോസൈറ്റ് ഫാക്ടറിയുടെ ഉദ്ഘാടനമാണ് പ്രധാന പരിപാടി എന്നും മുഖ്യമന്ത്രിമാര്‍ക്കുള്ള കത്തില്‍ എഴുതിയിട്ടുണ്ട്. ആണവോര്‍ജ്ജത്തിന് ഉതകുന്ന ഫാക്ടറിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
I am going tomorrow to Travancore- Cochin to open a monazite factory at Alwaye. This is a part of our atomic energy work. I intend spending six days in that state and to return to Delhi on 29th of December via Madras.
I send you all my good wishes for the New Year
Yours sincerely
Jawaharlal Nehru

ആറു ദിവസത്തെ തിരു- കൊച്ചി സന്ദര്‍ശനം കഴിഞ്ഞ ശേഷം പുതു വര്‍ഷത്തില്‍ 1953 ജനുവരി നാലിന് എഴുതിയ കത്തില്‍ ആലുവയിലെ ഏലൂരില്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ഫാക്ടറി ഉദ്ഘാടനം, എറണാകുളം- കൊല്ലം റെയില്‍പ്പാത ഉദ്ഘാടനം, തേക്കടി വന്യമൃഗ സങ്കേത സന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ക്ക് പുറമെ തിരുവിതാംകൂറില്‍ ചുണ്ടന്‍ വള്ളംകളി കണ്ട കാര്യവും ബോട്ടുയാത്ര ആസ്വദിച്ചതുമെല്ലാം മുഖ്യമന്ത്രിമാര്‍ക്കെഴുതിയ പ്രതിവാര കത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ കത്തിന്റെ ആദ്യ രണ്ട് ഖണ്ഡികയില്‍ തിരു- കൊച്ചി സന്ദര്‍ശനവും അവിടെ കണ്ട കാഴ്ചകളും വിശിഷ്യ ആലപ്പുഴയില്‍ കണ്ട ചുണ്ടന്‍ വള്ളംകളിയെക്കുറിച്ചുമാണ്. രേഖകള്‍ പ്രകാരം 1952 ഡിസംബര്‍ 27 നാണ് പണ്ഡിറ്റ് നെഹ്‌റു വള്ളംകളി കണ്ടതും അതില്‍ പങ്കെടുത്തതും. തിരു- കൊച്ചി വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളേക്കാള്‍ കൈ വരിച്ച നേട്ടങ്ങളെക്കുറിച്ച് പ്രത്യേകം കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ സംസ്ഥാനം വലിയ പുരോഗതി ഭാവിയില്‍ കൈവരിക്കുമെന്ന ശുഭാപ്തി വിശ്വാസവും പ്രവചനവും അദ്ദേഹം കത്തില്‍ പ്രത്യേകം എഴുതിയിട്ടുണ്ട്. (ഇവിടെ ചിലര്‍ അവകാശപ്പെടുമ്പോലെ 2014 ന് ശേഷമോ അല്ലെങ്കില്‍ 2016 ന് ശേഷമോ മാത്രമല്ല കേരളം പുരോഗതി നേടിയതെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കും )
In Travancore, I saw again their famous boat race, which is an old established community sport. They have a special type of long boats called ‘ nsake boats,’ which accommodate over a hundred persons. Apart from the rowers, some persons are precariously in the middle of the boat to encourage others. There is plenty of shouting and excitement, and generally, both the people in the boats and the spectators enjoy themselves greatly. I was glad to encourage this very interesting and worthwhile sport
I passed through the backwaters and canals and saw land being reclaimed from the sea. The people of Travancore- Cochin have not only a much higher standards of education than those in the rest of India, but are industrious. The state is rich in many ways, and industry is developing there, especially roundabout Alwaye, where we have started a monazite processing factory . I have no doubt that the state will make rapid progress.
എന്ന് പറഞ്ഞാണ് ദീര്‍ഘമായ കത്ത് ആരംഭിക്കുന്നത്.

പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തുകള്‍ സമാഹരിച്ച് Letters to Chief Ministers എന്ന പേരില്‍ പെന്‍ഗ്വിന്‍ ബുക്ക്‌സ് അഞ്ച് വോളിയമായി പുറത്തിറക്കിയിട്ടുണ്ട്. 1947- മുതല്‍ 64 ല്‍ നെഹ്‌റു മരിക്കുന്നത് വരെയുള്ള കത്തുകള്‍ ഈ വാല്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here