ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വെട്ടിനിരത്തുന്നത് പതിവാക്കി മോദി സര്‍ക്കാര്‍; നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റി

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് ഇന്ത്യാ ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാനും തുടച്ചു മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് നെഹ്‌റു യുവ കേന്ദ്രയുടെ ( Nehru Yuv Kendra) പേരു മാറ്റം. അരനൂറ്റാണ്ടിലധികമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്രയുടെ പേര് ‘മേരാ യുവഭാരത് ‘ എന്നാക്കി മാറ്റിയാണ് നെഹ്‌റു മുക്തമാക്കാന്‍ ശ്രമിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ പേര് മാറ്റമല്ലാതെ കാര്യമായ പദ്ധതികളോ പുതിയ സ്ഥാപന നിര്‍മ്മാണമോ ഒന്നും നടക്കുന്നില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ കെട്ടിപ്പെടുത്തതും രൂപം കൊടുത്തതുമായ പദ്ധതികള്‍ക്ക് പേര് മാറ്റം വരുത്തി സ്വന്തം അക്കൗണ്ടിലാക്കുകയാണ് പതിവ്. 1972-ലാണ് നെഹ്‌റു യുവ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. രാഷ്ട്ര നിര്‍മാണത്തില്‍ യുവാക്കള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു പ്രധാനലക്ഷ്യം.

ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് താമസിച്ചിരുന്ന തീന്‍ മൂര്‍ത്തി ഭവന്‍ അദ്ദേഹം അന്തരിച്ച ശേഷം നെഹ്‌റു മ്യൂസിയമാക്കി മാറ്റിയിരുന്നു. തീന്‍ മൂര്‍ത്തി ഭവനില്‍ സ്ഥിതി ചെയ്യുന്ന നെഹ്‌റു സ്മാരക മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍എംഎംഎല്‍) പേര് ‘പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി’ എന്നാക്കി മോദി സര്‍ക്കാര്‍ 2017 ജൂണില്‍ മാറ്റി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ പ്രഥമ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായി മാറിയതാണ് തീന്‍ മൂര്‍ത്തി ഭവന്‍. 1964 മേയ് 27ന് മരണം സംഭവിക്കുന്നതു വരെ 16 വര്‍ഷം നെഹ്‌റു ഇവിടെ താമസിച്ചു. 1964 നവംബര്‍ 14ന്, നെഹ്‌റുവിന്റെ 75-ാം ജന്മവാര്‍ഷികദിനത്തില്‍ അന്നത്തെ പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ നെഹ്‌റു ലൈബ്രറി ആന്‍ഡ് മ്യൂസിയം ഉദ്ഘാടനം ചെയ്തു. 2 വര്‍ഷത്തിനു ശേഷം സ്ഥാപനത്തിന്റെ നടത്തിപ്പിനായി എന്‍എംഎംഎല്‍ സൊസൈറ്റി രൂപീകരിച്ചു.

തീന്‍മൂര്‍ത്തി ഭവന്‍ സ്ഥിതി ചെയ്തിരുന്ന റോഡിന്റെ പേര് ചൗക്ക് തീന്‍മൂര്‍ത്തി ഹൈഫെ ചൗക്ക് എന്നും പേര് മാറ്റി. 2021ല്‍, സിക്കിമിലെ സോംഗോ തടാകത്തെയും ഗാങ്‌ടോക്കിലെ നാഥുല ചുരത്തിനെയും ബന്ധിപ്പിക്കുന്ന 19.51 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെയും പേര് മാറ്റം നടന്നു. ജവഹര്‍ലാല്‍ നെഹ്‌റു റോഡ് എന്നതില്‍ നിന്നു നരേന്ദ്ര മോദി മാര്‍ഗ് എന്നാണ് സിക്കിം സര്‍ക്കാര്‍ മാറ്റിയത്.

സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് യുവജന കാര്യ മന്ത്രാലയത്തിന്റെ കീഴില്‍ നെഹ്‌റു യുവ കേന്ദ്രം പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രാമങ്ങളിലെ യുവാക്കളുടെ വ്യക്തിത്വ വികസനത്തിലടക്കം വലിയ മാറ്റമാണ് അരനൂറ്റാണ്ടിലേറെയായി പദ്ധതി കൊണ്ടുവന്നത്. രാജ്യത്തെ 42 ജില്ലകളിലായി ആദ്യം തുടങ്ങിയ നെഹ്‌റു യുവ കേന്ദ്രങ്ങള്‍ 1987 ആയപ്പോള്‍ 311 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. രാജീവ് ഗാന്ധി സര്‍ക്കാര്‍ ഇതിനെ സ്വയംഭരണാവകാശമുള്ള സൊസൈറ്റിയായി പ്രഖ്യാപിക്കുകയും ചെയ്തു.

2017 ല്‍ ഔദ്യോഗികമായി നെഹ്‌റു യുവ കേന്ദ്രയുടെ പേരുമാറ്റുന്നത് സംബന്ധിച്ച നീക്കം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. 2023ല്‍ പേരുമാറ്റത്തിന് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും ഇന്നലെയാണ് ഇത് പ്രാബല്യത്തില്‍ വന്നത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top