പുതിയ പാര്‍ട്ടി രൂപീകരണം പെരുവഴിയില്‍; ഇനി ആര്‍ജെഡിയുമായി ലയനമല്ലാതെ വേറെ വഴിയില്ലെന്ന തിരിച്ചറിവില്‍ മന്ത്രി കൃഷ്ണന്‍ കുട്ടി

പുതിയ രാഷ്ടീയ പാര്‍ട്ടി രൂപീകരണം എങ്ങുമെത്താതെ വന്നതോടെ ജനതാദള്‍ ( എസ്) കേരള ഘടകം വീണ്ടും ലയന ചര്‍ച്ചകള്‍ തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് എന്ന നിലയില്‍ മത്സരിക്കുന്നതിന് നിയമ- സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന തിരിച്ചറിവിലാണ് ശ്രേയാംസ് കുമാറിന്റെ രാഷ്ട്രീയ ജനതാദളുമായി (RJD) വീണ്ടും ലയന ചര്‍ച്ചകള്‍ സജീവമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജെഡിഎസിന്റെ ദേശീയ അധ്യക്ഷനായ ദേവഗൗഡയും കൂട്ടരും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയുടെ ഘടക കക്ഷിയാണ്. എന്നാല്‍ കേരള ഘടകം ഇടത് മുന്നണിയുടെ ഭാഗമായി തുടരുകയും ചെയ്യുന്നു. കുറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസ് എംഎല്‍എയും.
നാല് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷട്രീയ അസ്തിത്വം ഉറപ്പാക്കണമെങ്കില്‍ ആര്‍ജെഡിയുമായി ലയിക്കുകയല്ലാതെ വേറെ പോം വഴി ഇല്ലെന്ന തിരിച്ചറിവിലാണ് മന്ത്രി കൃഷ്ണന്‍കുട്ടിയും കുട്ടരും. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണെന്ന് ജെഡിഎസിന്റെ ഒരു പ്രമുഖ നേതാവ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
പുതിയ രാഷ്ടീയ പാര്‍ട്ടി രൂപീകരിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക എന്നത് അസാധ്യമായ കാര്യമാണ്. ഈ ഘട്ടത്തില്‍ സോഷ്യലിസ്റ്റ് ധാരയില്‍ നില്‍ക്കുന്ന ആര്‍ജെഡിയുമായി ലയിക്കുക അല്ലാതെ വേറെ പോംവഴിയില്ല. ആര്‍ജെഡിയും ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ്. ലയനം നടന്നാല്‍ കൂറുമാറ്റ നിയമത്തിന്റെ നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടാനും കഴിയുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ലയനം നടക്കുകയാണെങ്കില്‍ ചിങ്ങമാസത്തില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ലയന ചര്‍ച്ചകള്‍ നടന്നെങ്കിലും സ്ഥാനമാനങ്ങള്‍ പങ്കുവെക്കുന്നതിലെ അവ്യക്തതകള്‍ നിമിത്തം അലസിപ്പിരിഞ്ഞിരുന്നു.
പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും കൂട്ടരും എന്‍ഡിഎയില്‍ ഘടകകക്ഷിയായി തുടരുമ്പോള്‍ കേരള ഘടകം ഇടത് മുന്നണിക്കൊപ്പം തുടരുന്നതിലെ രാഷ്ട്രീയ നൈതിക നിരന്തരം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ പോലും കേരള ഘടകത്തെ പുറത്താക്കാനോ തള്ളിപ്പറയാനോ ദേവഗൗഡ തയ്യാറായില്ല. അത്യന്തം അപൂര്‍വമായ രാഷ്ടീയ ധാരണയുടെ പേരിലാണ് ജെഡിഎസ് കേരള യൂണിറ്റിന് എല്‍ഡിഎഫില്‍ തുടരാന്‍ കഴിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള രാഷ്ട്രീയേതര ധാരണ കൊണ്ടാണ് എന്‍ഡിഎ യുടെ ഘടക കക്ഷിയെ ഇടത് മുന്നണിയില്‍ തുടരാന്‍ അനുവദിക്കുന്നതെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നിരന്തര ആക്ഷേപം.
2006ല്‍ ദേവഗൗഡ ബിജെപിക്കൊപ്പം പോയപ്പോള്‍ കേരള ഘടകത്തെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് വിഎസ് അച്യുതാനന്ദന്റെ കടും പിടുത്തം നിമിത്തമാണ് ജെഡിഎസിനെ പുറത്താക്കേണ്ടി വന്നത്. ആര്‍ജെഡി നിലവില്‍ എല്‍ഡിഎഫിലെ ഘടക കക്ഷിയാണെങ്കിലും അവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയിട്ടില്ല. മറ്റ് ഏകാംഗ ഘടകകക്ഷികള്‍ക്കെല്ലാം മന്ത്രി സ്ഥാനം നല്‍കിയപ്പോഴും പിണറായി വിജയന്‍ ആര്‍ജെഡിയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ല. കൂത്തുപറമ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ പി മോഹനന്‍ നിലവില്‍ ആര്‍ജെഡിയുടെ നിയമസഭാംഗമാണ്.
2023 സെപ്റ്റംബര്‍ 22നാണ് കര്‍ണാടകത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദളും ബിജെപിയും തമ്മില്‍ ഔദ്യോഗികമായി സഖ്യത്തിലേര്‍പ്പെട്ടത്. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായാണ് ജനതാദള്‍ മത്സരിച്ചത്. ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി കേന്ദ്ര മന്ത്രിസഭയില്‍ അംഗമാണ്.
ALSO READ : കൃഷ്ണന്‍കുട്ടിയും മാത്യുടിയും മിണ്ടുന്നില്ല; ജെഡിഎസ് കേരള ഘടകം ആര്‍ക്കൊപ്പം
ആര്‍എസ്എസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജനതാദളിനെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മന്ത്രി കൃഷ്ണന്‍ കുട്ടിയും മാത്യു ടി തോമസും നയിക്കുന്ന ജനതാദളിന്റെ ദേശീയ പ്രസിഡന്റ് ഇപ്പോഴും ദേവഗൗഡയാണ്. ബിജെപി മുന്നണിയിലെ ഘടക കക്ഷി എങ്ങനെയാണ് എല്‍ഡിഎഫില്‍ തുടരുന്നത് എന്ന ചോദ്യത്തിന് പിണറായിക്കും കൃഷ്ണന്‍കുട്ടിക്കും കൃത്യമായ മറുപടി പറയാനില്ല. ആര്‍എസ്എസിന്റെ ഘടക കക്ഷിക്ക് എന്ത് ഇടത് ചിന്തയാണുള്ളതെന്ന ചോദ്യത്തിന് മറുപടി പറയാനാവാതെ കുഴങ്ങുകയാണ് സിപിഎം. അവരുടെ കൂടി ആവശ്യപ്രകാരമാണ് ലയന ചര്‍ച്ചകള്‍ വീണ്ടും സജീവമായതെന്നാണ് കരുതുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സ്വാധീന മേഖലകളില്‍ ആര്‍എസ്എസിന്റെ ഘടക കക്ഷിയായ ജനതാദള്‍ എല്‍ഡിഎഫില്‍ തുടരുന്ന വിഷയം യുഡിഎഫ് സജീവമായി ഉന്നയിച്ചിരുന്നു.
2023 ഒക്ടോബര്‍ 19 ന് ദേവഗൗഡയും എച്ച്ഡി കുമാരസ്വാമിയും ബെംഗളൂരുവില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞത് കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചെന്നാണ്. കേരളത്തില്‍ ജെഡിഎസ് ഇടത് മുന്നണിക്കൊപ്പമാണ് തങ്ങളുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ചേര്‍ന്നു പോകുന്നതിന്റെ കാരണം അവര്‍ മനസിലാക്കി. അവിടുത്തെ മന്ത്രി (കെ. കൃഷ്ണന്‍കുട്ടി) സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ് എന്നാണ്. സ്വന്തം തടി രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവഗൗഡയുടെ വാദങ്ങളെ തള്ളിപ്പറഞ്ഞെങ്കിലും ദേവഗൗഡ പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here