ജെമീമ റോഡ്രിഗസിന്റെ മൂല്യം; ഇന്ത്യൻ ക്രിക്കറ്റിലെ വനിതകൾ വിപണി പിടിച്ചടക്കുന്നതിങ്ങനെ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയം. അതൊരു മനോഹരമായ നിമിഷമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ട് 98 പന്തില്‍ നിന്നും 11 ഫോറും ഒരു സിക്‌സും പറത്തി 101 റണ്‍സുമായി ക്രീസിൽ, പക്ഷെ കൈവശം ഒരു വിക്കറ്റും മാത്രം. ജയിക്കാൻ 52 റൺ കൂടി വേണം. അന്തരീക്ഷം പിരിമുറുക്കത്താൽ നിറഞ്ഞിരുന്നു. ഇന്ത്യൻ നായിക, ഹർമൻപ്രീത് കൗർ , സ്പിൻ ബൗളർ ദീപ്തി ശര്‍മ്മയെ പന്തെറിയാൻ ചുമതലപ്പെടുത്തി.
ദീപ്തി ശര്‍മ്മ എറിഞ്ഞ ബോൾ ലൗറ ഓഫ് സൈഡിലേക്ക് പറത്തി. ഒരു സിക്സയിരുന്നു ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അതൊരു മിസ് ടൈമിംഗ് ആയിരുന്നു. പന്ത് ബാറ്റിൽ തട്ടി, ഉയർന്ന് പൊങ്ങി. ഫീൽഡിൽ ഉണ്ടായിരുന്ന രവീന്ദ്ര കൗർ ഓടിവന്ന് ക്യാച്ച് എടുക്കാൻ ശ്രമിച്ചെങ്കിലും പന്ത് കയ്യിൽ തട്ടി ഒന്നു കൂടി ഉയർന്നു. ഇന്ത്യക്കാരുടെ നെഞ്ചു പിടച്ചു. ഉയർന്നുപൊങ്ങിയ പന്ത് കൗർ ഒറ്റക്കയ്യിൽ മുറുകെ പിടിച്ചപ്പോഴേക്കും ഗാലറിയിൽ നിന്നും ആരവങ്ങൾ ഉയർന്നു. അതൊരു ചരിത്രപരമായ വിജയമായിരുന്നു.

2017 ലോകകപ്പിലെയും 2020 ടി20 ലോകകപ്പിലെയും നിരാശകൾക്ക് ശേഷമുള്ള വിജയം. ഈ വിജയം ഇന്ത്യൻ പെൺപുലികൾ പോരാടി നേടിയത് തന്നെ. പുരുഷന്മാർ കയ്യടക്കി വെച്ചിരുന്ന ക്രിക്കറ്റ് മേഖലയിലേക്ക് ഇന്ത്യൻ പെൺതാരങ്ങൾ കടന്നുവന്നത് ലോക കിരീടം തന്നെ സ്വന്തമാക്കി കൊണ്ടാണ്.ചരിത്ര വിജയത്തിനു ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചു. Cricket is a Gentleman’s Game എന്ന വാചകത്തിലെ Gentleman’s എന്ന വാക്ക് വെട്ടിമാറ്റി, പകരം Everyones എന്ന് എഴുതിയ ടീ-ഷർട്ടായി വേൾഡ് കപ്പ് ട്രോഫിയും കെട്ടിപ്പിടിച്ചു കിടക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ചിത്രം. ഉശിരുള്ള ഇന്ത്യൻ പെൺകുട്ടിയുടെ തന്റേടത്തോടെയുള്ള പ്രഖ്യാപനം. ക്രിക്കറ്റ് അത് മാന്യതയുള്ള പുരുഷന്മാരുടെ മാത്രമല്ല അത് എല്ലാവരുടെയും കൂടിയുള്ളതാണെന്ന പ്രഖ്യാപനം.
ആ പ്രഖ്യാപനം ലോകം ഏറ്റെടുത്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരങ്ങൾ ഇന്ന് കോർപ്പറേറ്റ് ലോകത്തെ ഏറ്റവും ഡിമാൻഡുള്ള ബ്രാൻഡ് അംബാസഡർമാരായി മാറിയിരിക്കുന്നു. അക്കൂട്ടത്തിൽ ടീമിന്റെ മധ്യനിരയിൽ നിന്ന് ബാറ്റ് ചെയ്ത് ടൂർണമെന്റിലെ മത്സരങ്ങളിൽ മികച്ച സ്കോറുകൾ നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ജെമീമ റോഡ്രിഗസ് ആണ് ഏറ്റവും വിലയേറിയ താരം. കണക്കുകൾ ഞെട്ടിക്കുന്നതാണ്. ലോകകപ്പിന് മുൻപ് വരെ, ഒരു പരസ്യ കരാറിനായി ജെമീമയുടെ മൂല്യം ഏതാണ്ട് 75 ലക്ഷം രൂപ ആയിരുന്നു. എന്നാൽ, ലോകകിരീടത്തിലെ നിർണ്ണായക പ്രകടനങ്ങൾക്ക് ശേഷം ഇന്ന് ജെമീമ റോഡ്രിഗസ് ഒരു ബ്രാൻഡിൽ നിന്ന് ഈടാക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതെ, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ബ്രാൻഡ് മൂല്യം ഇരട്ടിയായി.

വിരാട് കോഹ്ലിയും സച്ചിൻ ടെണ്ടുൽക്കറും മഹേന്ദ്ര സിംഗ് ധോണിയും എല്ലാം അടക്കിവാണിരുന്ന മേഖലയിലേക്ക് ഇന്ത്യയുടെ പെൺതാരങ്ങൾ പൊരുതി കയറിയിരിക്കുന്നു. ജെമീമ റോഡ്രിഗസ് എന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ഈ കുതിച്ചുചാട്ടം എങ്ങനെ സംഭവിച്ചു? ഈ വിജയത്തിന് പിന്നിലെ ത്യാഗങ്ങളും, ആവേശം കൊള്ളിക്കുന്ന പോരാട്ടങ്ങളും എന്തൊക്കെയാണ്? നമുക്ക് നോക്കാം.
ജെമീമയുടെ കഥ തുടങ്ങുന്നത് ക്രീസിൽ നിന്നല്ല, ഒരു ഹോക്കി ഗ്രൗണ്ടിൽ നിന്നാണ്. ഇന്ത്യൻ അണ്ടർ-17 ഹോക്കി ടീമിനായി കളിച്ച പ്രതിഭ, ഒടുവിൽ ക്രിക്കറ്റ് തിരഞ്ഞെടുത്തു. 16-ാം വയസ്സിൽ സ്കൂൾ ക്രിക്കറ്റിൽ 202 റൺസ് നേടി അവർ തന്റെ വരവറിയിച്ചു. അന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഇത്രയും ബാറ്റിങ് ടെക്നിക്കുള്ള, ആക്രമണോത്സുകതയുള്ള ഒരു ഇന്ത്യൻ വനിതാ താരം ഉയർന്ന് വന്നു.
2018-ൽ ഇന്ത്യയിലെത്തിയ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും വിഖ്യാത കമന്റേറ്ററുമായ നാസർ ഹുസൈൻ, മുംബൈയിലെ ഒരു അക്കാദമിയിൽ വെച്ച് 18 വയസ്സുള്ള ഒരു പെൺകുട്ടിയുടെ ബാറ്റിംഗ് കണ്ടു. അവളുടെ ടെക്നിക്കിൽ ആകൃഷ്ടനായ നാസർ, നെറ്റ്‌സിൽ അൽപ്പം പന്തെറിഞ്ഞു കൊടുത്തു. അന്ന് വൈകുന്നേരം അദ്ദേഹം ട്വിറ്ററിൽ കുറിച്ചത് ഇതായിരുന്നു: “ജമിമ റോഡ്രിഗ്‌സ്.. ഈ പേര് നിങ്ങൾ ഓർത്തുവച്ചോളു. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സുപ്പർ സ്‌റ്റാറാകാൻ ഈ കുട്ടിക്കു സാധിക്കും.”

നാസർ ഹുസൈന്റെ ആ പ്രവചനം ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. ഈ മുംബൈക്കാരി ഓടിത്തീർത്ത വഴികൾക്ക് പോരാടി നേടിയ വിജയങ്ങളുടെയും നേരിട്ട അവഗണനകളുടെയും തീവ്രമായ പരിശ്രമത്തിന്റെയും കഥകളാണ് പറയാനുള്ളത്. നാസറിന്റെ പ്രവചനത്തിന് ശേഷം അവർക്ക് റെഡ് കാർപ്പറ്റ് ലഭിച്ചില്ല. ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ ആരും വലുതായി പരിഗണിച്ചിരുന്നില്ല.
2021-22 കാലഘട്ടം ജെമീമയ്ക്ക് അത്ര നല്ലതായിരുന്നില്ല. മോശം ഫോമിന്റെ പേരിൽ 2022 ഏകദിന ലോകകപ്പ് ടീമിൽ നിന്ന് അവൾ പുറത്തായി. ആ ഒരു നിമിഷം, ഏതൊരു കായികതാരത്തെയും തളർത്താൻ പോന്നതായിരുന്നു. ലോകകപ്പ് നഷ്ടപ്പെടുന്നതിനേക്കാൾ വലിയ വേദന വേറെയില്ല. പക്ഷെ അവൾ കൂടുതൽ കഠിനമായി പരിശീലിച്ചു, തന്റെ ടെക്നിക്കുകൾ മെച്ചപ്പെടുത്തി, മാനസികമായി കരുത്താർജ്ജിച്ചു.
അങ്ങനെ അധികം വൈകാതെ 2022-ലെ കോമൺവെൽത്ത് ഗെയിംസിലും അതിനുശേഷമുള്ള മത്സരങ്ങളിലും അവർ ഇന്ത്യൻ മധ്യനിരയിലെ വിശ്വസ്ത താരമായി തിരികെ എത്തി. ആ പടപ്പുറപ്പാട് അവളെ കൊണ്ടുവന്ന് എത്തിച്ചത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയ ശില്പി എന്ന സ്ഥാനത്തേക്കാണ് ഏറ്റവും മൂല്യമേറിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം എന്ന താര പരിവേഷത്തിലേക്കാണ്.
a

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here