സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് എയ്ഡ്സ്; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽനിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച് ഐ വി പോസിറ്റീവായതായി റിപ്പോർട്ട്. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിലുള്ള സദർ ആശുപത്രിയിലാണ് സംഭവം. വിഷയം സംസ്ഥാനത്ത് വലിയ ആശങ്കയും പ്രതിഷേധവും ഉയർത്തിയിരിക്കുകയാണ്. തലാസീമിയ രോഗികളായ അഞ്ച് കുട്ടികൾക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. ഈ കുട്ടികൾക്ക് പതിവായി ഇതേ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്നാണ് രക്തം മാറ്റി കൊണ്ടിരുന്നത് .
എച്ച്ഐവി ബാധിച്ച രക്തമാണ് നൽകിയതെന്ന് ഏഴ് വയസ്സുള്ള ഒരു തലാസീമിയ രോഗിയുടെ കുടുംബം പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയെ തുടർന്ന് റാഞ്ചിയിൽ നിന്നുള്ള ഉന്നത മെഡിക്കൽ സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, തലാസീമിയ ബാധിച്ച മറ്റ് നാല് കുട്ടികൾക്ക് കൂടി എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതോടെ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം അഞ്ചായി.
Also Read : എയ്ഡ്സ് ബാധിതനായ സഹോദരനെ, സഹോദരി കഴുത്ത് ഞെരിച്ചു കൊന്നു; കൊലപ്പെടുത്തിയത് കുടുംബത്തിന്റെ മാനം രക്ഷിക്കാൻ
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ ദിനേശ് കുമാറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മെഡിക്കൽ സംഘം ആശുപത്രിയിലെത്തി ബ്ലഡ് ബാങ്കിൽ വിശദ പരിശോധന നടത്തി. ബ്ലഡ് ബാങ്കിന്റെ പ്രവർത്തനത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി ഡോ ദിനേശ് കുമാർ മാധ്യമങ്ങളെ അറിയിച്ചു. രക്തസാമ്പിൾ പരിശോധന, രേഖകളുടെ പരിപാലനം, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തി.
രോഗബാധയുള്ള രക്തം തലാസീമിയ രോഗിക്ക് നൽകിയിരിക്കാനാണ് സാധ്യത സമഗ്രമായ അന്വേഷണം നടന്നുവരികയാണ്,” ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ കുമാർ മാഝി പറഞ്ഞു. കുട്ടികളുടെ കുടുംബങ്ങൾ നീതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചു.
ഈ വിഷയത്തിൽ ജാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും, സംസ്ഥാന ആരോഗ്യ സെക്രട്ടറിയോടും ജില്ലാ സിവിൽ സർജനോടും വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. അണുബാധ പടരുന്നത് തടയാൻ, സംശയമുള്ള രക്തം നൽകിയ ദാതാക്കളെ കണ്ടെത്താനും പരിശോധിക്കാനും ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ ഉറപ്പുനൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here