പിഎം ശ്രീയില്‍ ബിജെപി സിപിഎം ധാരണയ്ക്ക് പിന്നില്‍ ജോണ്‍ ബ്രിട്ടാസ്; വെളിപ്പെടുത്തല്‍ കേന്ദ്രമന്ത്രിയുടേത്; നിഷേധിച്ച് എംപി

മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പിട്ടതിന് പിന്നില്‍ സിപിഎം രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തി. രാജ്യസഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രവര്‍ത്തനത്തിന് ബ്രിട്ടാസിനെ അഭിനന്ദിക്കുകയും ചെയ്തു.

എല്ലാം അംഗീകരിച്ചാണ് കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി നേരില്‍ എത്തി ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. കേരള ആഭ്യന്തര തര്‍ക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ജോണ്‍ ബ്രിട്ടാസ് രംഗത്ത് എത്തി. പിഎം ശ്രീയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചിട്ടില്ല. കേരളത്തിന്റെ ആവശ്യങ്ങല്‍ക്കായി കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ടിട്ടുണ്ട്. മന്ത്രി വി ശിവന്‍കുട്ടിക്ക് ഒപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അതൊന്നും കരാറിനായി പാലമായി പ്രവര്‍ത്തിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ബ്രിട്ടാസ് പ്രതികരിച്ചു.

പിഎം ശ്രീയില്‍ ചേരേണ്ടതില്ലെന്ന എല്‍ഡിഎഫിന്റെ സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തില്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയാണ് സിപിഎം ഏകപക്ഷീയമായി കരാറിലേക്ക് പോയത്. മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാര്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ പോലും കരാര്‍ ഒപ്പിടുന്ന കാര്യം മറച്ചുവച്ചു. കരാറില്‍ ഒപ്പിട്ടു എന്ന വിവരം പുറത്തുവന്നതോടെ സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തി. ഇതോടെ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണ് എന്ന് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. പിഎം ശ്രീക്ക് എതിരെ രാജ്യസഭയില്‍ കുടത്ത എതിര്‍പ്പ് ഉന്നയിച്ച് എംപിയാണ് ബോണ്‍ ബ്രിട്ടാസ്. അങ്ങനെ ഒരു എംപി തന്നെ പാലമായി പ്രവര്‍ത്തിച്ചു എന്ന വെളിപ്പെടുത്തല്‍ ഗുരുതരമാണ്. സിപിഎം എംപിയുടെ പ്രവര്‍ത്തി ഇരട്ടത്താപ്പ് ആണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top