തോൽവിയുടെ പേരിൽ സഖ്യം മാറില്ല; എൽഡിഎഫിനൊപ്പം തന്നെയെന്ന് ജോസ് കെ മാണി

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിൽ ചേരാനുള്ളത് തങ്ങളുടെ രാഷ്ട്രീയപരമായ തീരുമാനമായിരുന്നുവെന്നും, മുന്നണി മാറ്റം ഇപ്പോൾ അജണ്ടയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ ജയവും തോൽവിയും രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്നും, ഈ പരാജയങ്ങളുടെ പേരിൽ സഖ്യം മാറുന്നതിനെക്കുറിച്ച് ചോദ്യമേയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. തിരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നത്.
Also Read : ജോസ് കെ മാണി രാഹുല്‍ ഗാന്ധിയുമായി ചർച്ച നടത്തി; നിഷേധിക്കാതെ കേരള കോൺഗ്രസ്
പാലാ, കാഞ്ഞിരപ്പള്ളി തുടങ്ങിയ പരമ്പരാഗത കേരള കോൺഗ്രസ് (എം) ശക്തികേന്ദ്രങ്ങളിൽ പോലും LDF ന് വേണ്ടത്ര മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തത് മുന്നണിയിൽ ചർച്ചയായിരുന്നു. എന്നാൽ, യുഡിഎഫിനുള്ളിൽ ജോസ് കെ. മാണിയെ തിരികെയെടുക്കുന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. പി ജെ ജോസഫ് വിഭാഗം ഇതിനെ ശക്തമായി എതിർക്കുന്നു. 2020-ൽ യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമാണ് കേരള കോൺഗ്രസ് (എം) കൂട്ടായ ആലോചനകൾക്ക് ശേഷം എൽഡിഎഫിന്റെ ഭാഗമായത്. ഈ തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്ന് ജോസ് കെ മാണി ആവർത്തിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here