രാജ് ദീപ് സര്‍ദേശായിക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍; തകര്‍ന്നു പോയെങ്കിലും മകന്‍ പ്രത്യാശ നല്‍കി

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജ് ദീപ് സര്‍ദേശായിക്ക് പ്രോസ്റ്റേറ്റ് കാന്‍സറിന് റോബോട്ടിക് സര്‍ജറി നടത്തി. അദ്ദേഹം തന്നെയാണ് തന്റെ രോഗവിവരം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പ്രായമായ പുരുഷന്മാരില്‍ കണ്ടുവരുന്ന വ്യാപകമായ കാന്‍സര്‍ രോഗമാണിത്. ജീവിതത്തിലെ പുതിയൊരു വഴിത്തിരിവാണ് ഈ രോഗാവസ്ഥയെന്ന് സ്‌ട്രെയിറ്റ് ബാറ്റ് എന്ന വീഡിയോ വ്‌ളോഗിലൂടെയാണ് സര്‍ദേശായി ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം ജൂലൈയില്‍ 60 വയസ് തികഞ്ഞ അദ്ദേഹം ഓഗസ്റ്റില്‍ നടത്തിയ പതിവ് മെഡിക്കല്‍ പരിശോധനയിലാണ് തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടലും പരിഭ്രാന്തിയുമുണ്ടായി. ഒപ്പം ജീവിതത്തിലെ മറ്റൊരു വഴിത്തിരിവുണ്ടാക്കുന്ന അനുഭവമാണെന്നും രാജ് ദീപ് കൂട്ടിച്ചേര്‍ത്തു. ഒരു വാട്ട്‌സാപ്പ് സന്ദേശത്തിലൂടെയാണ് തനിക്ക് കാന്‍സറാണെന്ന വിവരമറിയുന്നത്. ‘എനിക്ക് കാന്‍സറോ’ എന്ന ചോദ്യം സ്വയം ചോദിച്ചു കൊണ്ടേയിരുന്നു. രോഗ വിവരം ഒരുതരം ഉദ്ദേഗവും മരവിപ്പും മനസില്‍ സൃഷ്ടിച്ചു. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കാണാനായി അവധി എടുത്ത് പോകാന്‍ തയ്യാറെടുക്കുന്നതില്‍ ഇടയിലാണ് വെള്ളിടിപോലെ രോഗ വിവരം അറിയുന്നത്. കാന്‍സറാണെന്നറിയുമ്പോള്‍ ആകാംക്ഷയും ഒരുതരം മരവിപ്പുമാണ് ആദ്യമുണ്ടാകുന്നത്. മെഡിക്കല്‍ സര്‍ജനായ എന്റെ മകനാണ് എനിക്ക് പ്രത്യാശ തരും വിധത്തില്‍ സംസാരിച്ചത്.

‘പപ്പാ, മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാന്‍സര്‍ അത്ര അപകടകാരിയില്ല, തുടക്കത്തില്‍ ചികിത്സിച്ചാല്‍ ഭേദമാകുന്ന രോഗമാണ്. പിന്നീട് ഈ രംഗത്തെ വിദഗ്ധരുമായി സംസാരിച്ചതിനൊപ്പം രോഗബാധിതരോടും ഭേദമായവരോടും സംസാരിച്ച് ഒരു പാട് കാര്യങ്ങള്‍ മനസിലാക്കി’ രാജ് ദീപ് പറഞ്ഞു. ഇപ്പോള്‍ തികഞ്ഞ പ്രതീക്ഷയിലും പ്രത്യാശയിലുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് പ്രോസ്റ്റേറ്റ് കാന്‍സര്‍

പുരുഷന്മാരില്‍ ബീജം ഉല്‍പാദിപ്പിക്കുക ബീജത്തെ വഹിക്കുകയും ചെയ്യുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പലപ്പോഴും ആദ്യഘട്ടത്തില്‍ എടുത്തുപറയാനാകുന്ന ലക്ഷണങ്ങള്‍ പ്രോസ്റ്റേറ്റ് കാന്‍സറിന് ഇല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാലും, ഏറ്റവും സാധാരണയായി കാണുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍. രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മൂത്രപ്രവാഹം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുക, വേദനാജനകമായ അല്ലെങ്കില്‍ പുകച്ചിലോടുകൂടിയ മൂത്രമൊഴിക്കല്‍ എന്നിവ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണങ്ങളാകാന്‍ സാധ്യതയുണ്ട്. മൂത്രത്തില്‍ രക്തത്തിന്റെ സാന്നിധ്യം, അടിവയറ്റിലോ, ഇടുപ്പിലോ, അല്ലെങ്കില്‍ നടുവിലോ വേദനയും അസ്വസ്ഥതയും ഉണ്ടെങ്കില്‍ ഒരു വിദഗ്ധനെ കണ്ട് ചികിത്സ തേടുന്നതാണ് നല്ലത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ പുതിയ രോഗികള്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിക്കുന്നു എന്നാണ് കണക്കുകള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top