ലഹരിക്കേസിലെ തൊണ്ടി കൈക്കലാക്കിയ വിവരം ആൻ്റണി രാജു ഏറ്റുപറഞ്ഞതായി മുൻ ജഡ്ജി മുഹമ്മദ് വാസിം; എന്നാൽ തിരിമറി അറിഞ്ഞില്ലെന്നും മൊഴി

ലഹരിക്കടത്തുകേസ് പ്രതിയായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിവസ്തുവായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയ കേസിൽ നെടുമങ്ങാട് കോടതിയിൽ നടക്കുന്ന വിചാരണയിലാണ് നിർണായക മൊഴി പുറത്തുവരുന്നത്. 1989ൽ ലഹരിക്കടത്ത് ആദ്യം പരിഗണിച്ച ജുഡീഷ്യൽ സെക്കൻ്റ് ക്ലാസ് കോടതിയിൽ മജിസ്ട്രേറ്റ് ആയിരുന്ന മുഹമ്മദ് വസീം ആണ് ഇതുവരെ ഒരിടത്തും പറയാത്ത വിവരം വിചാരണയിൽ വെളിപ്പെടുത്തിയത്. ഒന്നാംപ്രതി കോടതി ജീവനക്കാരൻ കെ എസ് ജോസിൻ്റെ അഭിഭാഷകൻ്റെ ക്രോസ് വിസ്താരത്തിനിടെ ആണ് ഇക്കാര്യം പറഞ്ഞത്.
ഓസ്ട്രേലിയക്കാരൻ പ്രതി ആൻഡ്രൂ സാൽവദോറിൻ്റെ ബന്ധുവിൻ്റെ അപേക്ഷ അംഗീകരിച്ച് കേസുമായി ബന്ധമില്ലാത്ത പ്രതിയുടെ വസ്തുക്കളെല്ലാം വിട്ടുകൊടുക്കാൻ താൻ ഉത്തരവിട്ടിരുന്നു. എന്നാലിത് വിട്ടുകൊടുത്തപ്പോൾ, ഇവയിൽ ഉൾപ്പെട്ടിരുന്ന ഒരു അടിവസ്ത്രവും തൊണ്ടിയായ അടിവസ്ത്രവും തമ്മിൽ മാറിപ്പോയി എന്ന തരത്തിലാണ് അന്ന് വിശദീകരണങ്ങൾ വന്നത്. ഇക്കാര്യത്തിൽ തൻ്റെ ഓഫീസ് സ്റ്റാഫ് ആയിരുന്ന ജോസ് ഉൾപ്പെടെ ഉള്ളവരെ അന്ന് സംശയിച്ചില്ലെന്നും മുൻ ജഡ്ജി പറഞ്ഞു.
മാറിപ്പോയി എന്ന് പറഞ്ഞ് തൊണ്ടിയായ അടിവസ്ത്രം തിരികെ എത്തിച്ചപ്പോൾ കോടതി രേഖകളിൽ അത് എഴുതിയോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മുൻ ജഡ്ജിയുടെ മറുപടി. കേസെടുത്തപ്പോൾ തൊണ്ടി പിടികൂടിയ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി അത് തിരിച്ചറിയാൻ ശ്രമിച്ചോ എന്ന് ചോദ്യത്തിനും ഇല്ലെന്ന് മറുപടി. തുടർന്നാണ് പ്രതിക്ക് വേണ്ടി തൊണ്ടി വാങ്ങിക്കൊണ്ടുപോയ പ്രതിയുടെ അഭിഭാഷകൻ തന്നെ നേരിട്ടെത്തി അബദ്ധം പറ്റിയെന്ന് അറിയിച്ചുവെന്ന് മുഹമ്മദ് വാസിം മൊഴി നൽകിയത്.
“വാങ്ങിക്കൊണ്ടുപോയ അഡ്വക്കറ്റ് തന്നെ ചേമ്പറിൽ വന്ന് അത് അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്ന് അത് ഓഫീസിൽ കൊടുക്കാൻ പറഞ്ഞു”… ഇങ്ങനെയായിരുന്നു മുൻ ജഡ്ജിയുടെ വാക്കുകൾ. ഇതുവരെ ആരോടെങ്കിലും ഇത് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും, ആരും ഇതുവരെ ചോദിച്ചില്ലെന്നും മറുപടി. പോലീസ് അന്വേഷണ സംഘത്തോടും, മറ്റാരോടും പറയാത്ത കാര്യമെന്ന് പറഞ്ഞ് കോടതിയെ ബോധിപ്പിച്ച ഇക്കാര്യം കളവാണെന്ന് സ്ഥാപിക്കാൻ പ്രതിഭാഗം ശ്രമിച്ചെങ്കിലും മുഹമ്മദ് വാസിം നിഷേധിച്ചു.
ഇവരാരെങ്കിലും തൊണ്ടിയിൽ തിരിമറി നടത്തിയെന്ന് താൻ തീരെ സംശയിച്ചില്ല. സ്റ്റാഫിൻ്റെയും വക്കീലിൻ്റെയും നടപടി നിഷ്കളങ്കമാണെന്ന് കരുതി. അതുകൊണ്ട് ആർക്കുമെതിരെ നടപടി എടുത്തില്ല. തൊണ്ടി തിരികെ വാങ്ങുമ്പോൾ സ്റ്റാഫിന് സംശയം തോന്നേണ്ടതായിരുന്നു. ആരും ഒന്നും തൻ്റെ ശ്രദ്ധയിൽ പെടുത്തിയില്ല. തൊണ്ടി രജിസ്റ്ററിലും മറ്റും മജിസ്ട്രേറ്റ് ഒപ്പിടുന്നു എന്നല്ലാതെ ഒന്നും നേരിട്ട് പരിശോധിക്കാൻ കഴിയില്ലെന്നും, എല്ലാം സ്റ്റാഫിനെ വിശ്വാസത്തിൽ എടുത്താണ് ചെയ്യുന്നതെന്നും അദ്ദേഹം പലവട്ടം ആവർത്തിച്ചു.
വിചാരണക്ക് മുമ്പ് തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ എസ് ജോസിൻ്റെ ഒത്താശയോടെ കോടതിയിൽ നിന്ന് വാങ്ങിക്കൊണ്ടുപോയ തൊണ്ടിമുതലായ അടിവസ്ത്രം നാലുമാസത്തോളം ആണ് പ്രതിഭാഗത്തിൻ്റെ കയ്യിലിരുന്നത്. പിന്നീട് വിചാരണക്ക് തൊട്ടുമുമ്പ് 1990 ഡിസംബർ അഞ്ചിന് അഭിഭാഷകനായിരുന്ന ആൻ്റണി രാജു തൊണ്ടി തിരികെയെത്തിച്ച സാഹചര്യമാണ് ഇതാദ്യമായി അന്നത്തെ മജിസ്ട്രേറ്റ് കോടതിയിൽ വെളിപ്പെടുത്തിയത്. മുമ്പ് പോലീസ് മൊഴി എടുത്തപ്പോഴൊന്നും ഇക്കാര്യം പറഞ്ഞില്ല എന്നതാണ് ശ്രദ്ധേയം.
ഇങ്ങനെ തിരികെയെത്തിച്ച തൊണ്ടിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിചാരണയിൽ പ്രതിയായ വിദേശി ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് ഹൈക്കോടതി അപ്പീൽ പരിഗണിച്ചപ്പോൾ രക്ഷപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൊണ്ടിയായ അടിവസ്ത്രം പ്രതിക്ക് പാകമാകാത്ത വിധത്തിൽ വെട്ടിത്തയ്ച്ചതായി കണ്ടെത്തിയത്. ഇതോടെ ഹൈക്കോടതി നിർദേശിച്ചത് പ്രകാരം റജിസ്റ്റർ ചെയ്ത കേസാണ് ഈ മുപ്പത്തിയഞ്ചാം വർഷത്തിൽ വിചാരണയിൽ ഇരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here