‘വിധി എതിരായാൽ ജഡ്ജിമാരെ വേട്ടയാടുന്നു’; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

തെലങ്കാന ഹൈക്കോടതി ജഡ്ജിക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഒരു കക്ഷിക്ക് അനുകൂലമല്ലാത്ത വിധി പുറപ്പെടുവിച്ചാൽ ഉടൻ ജഡ്ജിമാർക്കെതിരെ അനാവശ്യവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രവണത വർധിക്കുന്നതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായി കടുത്ത അതൃപ്തി രേഖപ്പെടുത്തി. നവംബർ 23ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഗവായി, എൻ പെഡ്ഡി രാജുവിന്റെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് ഈ രൂക്ഷമായ പരാമർശം നടത്തിയത്.
തെലങ്കാന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയതിനാണ് എൻ പെഡ്ഡി രാജുവിനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. തെലങ്കാന ഹൈക്കോടതി ജഡ്ജി, രാജുവിന്റെ ക്ഷമാപണം സ്വീകരിച്ചതിനാൽ കേസ് അവസാനിപ്പിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ കോടതിയിൽ അറിയിച്ചു. തുടർന്ന് കോടതി കേസ് അവസാനിപ്പിച്ചെങ്കിലും, ചീഫ് ജസ്റ്റിസ് താൻ അതൃപ്തനാണെന്ന് വ്യക്തമാക്കി. ഇത്തരം പ്രവണതകളെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“അഭിഭാഷകർ കോടതിയിലെ ഉദ്യോഗസ്ഥരാണ്. ജഡ്ജിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന ഹർജികളിൽ ഒപ്പിടുന്നതിന് മുമ്പ് അവർ അതീവ ശ്രദ്ധാലുവായിരിക്കണം,” എന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. നിയമത്തിന്റെ മാന്യത ശിക്ഷ നൽകുന്നതിലല്ല, മറിച്ച് ക്ഷമാപണം ചെയ്യുമ്പോൾ അത് സ്വീകരിക്കുന്നതിലാണ്. ഹൈക്കോടതി ജഡ്ജി ക്ഷമാപണം സ്വീകരിച്ചതിനാൽ തുടർനടപടികളിലേക്ക് പോകുന്നില്ല എന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
എസ്സി എസ്ടി നിയമപ്രകാരമുള്ള കേസിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിരുന്നു. ഈ കേസിൽ പക്ഷപാതവും കൃത്യവിലോപവും ആരോപിച്ചാണ് പെഡ്ഡി രാജു സുപ്രീം കോടതിയെ സമീപിച്ചത്. ജഡ്ജിക്കെതിരെ മോശമായ ആരോപണങ്ങൾ ഉന്നയിച്ചതാണ് കോടതിയലക്ഷ്യ കേസിന് കാരണമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here