ജഡ്ജി മാപ്പുപറയും വരെ കോടതി ബഹിഷ്‌കരിക്കും; ജസ്റ്റിസ് ബദറുദീനോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍

വനിതാ അഭിഭാഷകയെ കോടതിക്കുള്ളില്‍ അപമാനിച്ച ജസ്റ്റിസ് എ.ബദറുദീന്‍ മാപ്പു പറയുന്നതു വരെ ബഹിഷ്‌കരിക്കുമെന്ന് അഭിഭാഷകര്‍. അദ്ദേഹത്തിന്റെ കോടതിയില്‍ ഒരു അഭിഭാഷകനും എത്തില്ലെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറിന് കത്തു നല്‍കി. തുറന്ന കോടതിയില്‍ തന്നെ ജസ്റ്റിസ് മാപ്പ് പറയണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴചയ്ക്കും തയാറല്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

ജനുവരി ആദ്യം അന്തരിച്ച അഭിഭാഷകന്‍ അലക്‌സ് എം സ്‌കറിയ നടത്തിയിരുന്ന കേസ് അദ്ദേഹത്തിന്റെ ഭാര്യ സരിത ഏറ്റെടുത്തിരുന്നു. ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ ഭര്‍ത്താവ് മരിച്ചതിനാല്‍ വക്കാലത്ത് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് അഭിഭാഷക ജസ്റ്റിസ് ബദറുദീനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ വാദം നടത്താന്‍ ജസ്റ്റിസ് ബദറുദീന്‍ നിര്‍ബന്ധിച്ചു. ദേഷ്യത്തില്‍ സംസാരിക്കുകയും അപമാനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തെന്നാണ് പരാതി.

ചേംബറില്‍ വച്ച് മാപ്പു പറയാമെന്ന് ജസ്റ്റിസ് ബദറുദീന്‍ അറിയിച്ചെങ്കിലും അസോസിയേഷന്‍ ഇത് അംഗീകരിച്ചിട്ടില്ല. സംഭവം ഉണ്ടായതു തുറന്ന കോടതിയില്‍ ആയതിനാല്‍ അവിടെത്തന്നെ മാപ്പു പറയണം എന്നാണ് അസോസിയേഷന്റെ ആവശ്യം. ജഡ്ജിമാരുടെ പെരുമാറ്റം സംബന്ധിച്ച സുപ്രീംകോടതി വിധികൾ അടക്കം ഉദ്ധരിച്ചാണ് ചീഫ് ജസ്റ്റിസിന് അസോസിയേഷൻ കത്ത് നൽകിയത്. ഈ സംഭവങ്ങളെ തുടർന്ന് ഇന്നുച്ചക്ക് ശേഷം ജസ്റ്റിസ് ബദറുദീൻ കോടതി സിറ്റിങ് ഒഴിവാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top