ലേലു അല്ലൂ… നാവുപിഴച്ചെന്ന് മുൻ ജഡ്ജിയും!! മുൻ ചീഫ് സെക്രട്ടറിയോട് നിരുപാധികം മാപ്പപേക്ഷിച്ച് ജസ്റ്റിസ് കെമാൽ പാഷ

വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ അടക്കം സകലമാന പേരും യൂട്യൂബ് ചാനൽ തുടങ്ങി സർവീസ് അനുഭവങ്ങൾ പറയുന്നത് പതിവായിട്ടുണ്ട്. ജഡ്ജിമാരിൽ കെമാൽ പാഷ അതിൽ തുടക്കക്കാരനാണ്. സമകാലിക വിഷങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് അദ്ദേഹം ചാനൽ തുടങ്ങിയത്. ന്യായാധിപൻ ആയിരിക്കെ തന്നെ വ്യവസ്ഥാപിത രീതിവിട്ട് അഭിപ്രായങ്ങൾ പറഞ്ഞത് ചർച്ചയായിട്ടുണ്ട്. സീസറിൻ്റെ ഭാര്യ സംശയത്തിന് അതീതയാകണം, എന്ന തത്വം പറഞ്ഞതാണ് വിവാദമായ ബാർകോഴക്കേസിൽ കെ എം മാണിക്ക് തിരിച്ചടിയായതും അദ്ദേഹത്തിൻ്റെ രാജിയിലേക്ക് എത്തിച്ചതും. ഇതടക്കം പല പരാമർശങ്ങളും ഗ്യാലറിയുടെ കയ്യടി പ്രതീക്ഷിച്ചാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
2018ൽ ഹൈക്കോടതിയിൽ നിന്ന് വിരമിച്ചത് മുതൽ കേരളത്തിലെ ഏതാണ്ടെല്ലാ പ്രശ്നങ്ങളിലും മാധ്യമങ്ങളിലൂടെ അദ്ദേഹം പ്രതികരിക്കാറുണ്ട്. ഇതെല്ലാം സാമാന്യം ആളുകളെ ആകർഷിക്കുന്നുണ്ട് എന്ന തിരിച്ചറിവിലാണ് സ്വന്തമായി ഒരു മാധ്യമം എന്ന് കണക്കുകൂട്ടി രണ്ടുമാസം മുമ്പ് ജസ്റ്റിസ് കെമാൽ പാഷ വോയ്സ് (Justice Kemal Pasha Voice) എന്ന ചാനൽ തുടങ്ങിയത്. എന്നാൽ തുടക്കത്തിലേ കല്ലുകടിച്ച സ്ഥിതിയാണ് ഉണ്ടായത്. മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ നടത്തിയ പരാമർശം പുലിവാല് പിടിച്ചതുപോലെ ആയി. എബ്രഹാമിൻ്റെ സ്വത്തുസമ്പാദനം സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ അദ്ദേഹത്തെ കാട്ടുകള്ളൻ, കൈക്കൂലി വീരൻ എന്നെല്ലാം വിളിച്ചതാണ് വിനയായത്.
ഏപ്രിൽ 11, 20 തീയതികളിൽ അപ് ലോഡ് ചെയ്ത രണ്ടു വീഡിയോകൾക്കെതിരെ കെ എം എബ്രഹം വക്കീൽ നോട്ടീസ് അയച്ചതോടെ രണ്ടും നീക്കം ചെയ്യേണ്ടി വന്നിരിക്കുകയാണ്. എന്നാൽ അതുകൊണ്ടും തീരുമോ എന്ന് ഉറപ്പില്ല. കെമാൽ പാഷ പരസ്യമായി മാപ്പ് പറയണമെന്നും, പ്രധാന പത്രങ്ങളിലെല്ലാം മാപ്പപേക്ഷ പ്രസിദ്ധീകരിക്കണം എന്നും കെ എം എബ്രഹാം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിന് കെമാൽ പാഷക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഇല്ലാത്തപക്ഷം രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും മാനനഷ്ടക്കേസ് നൽകുമെന്നും വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഒഴിവാക്കാൻ നിരുപാധികം മാപ്പ് അപേക്ഷിച്ച് മറുപടി നൽകിയിരിക്കുകയാണ്.
എബ്രഹാമിനോട് തനിക്ക് ഒരു വൈരാഗ്യവുമില്ല. കേട്ടറിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം അഴിമതിക്കാരനാണെന്ന് കരുതിപ്പോയി. എന്നാലത് പരസ്യമായി പറയുമ്പോൾ ഉണ്ടാകാനിടയുള്ള അനന്തരഫലങ്ങൾ തിരിച്ചറിയുന്നതിൽ താൻ പരാജയപ്പെട്ടു. എബ്രഹാമിനെതിരെ കോടതി ഒരു കണ്ടെത്തലും നടത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ താൻ അങ്ങനെയൊന്നും അഭിപ്രായം പറയാൻ പാടില്ലായിരുന്നു. സുപ്രീംകോടതിയുടെ സ്റ്റേ വന്നശേഷം ആണെങ്കിൽ ഇങ്ങനെയൊരു വിഡിയോ ചെയ്യുമായിരുന്നില്ല. വീഡിയോ ഡിലീറ്റ് ചെയ്തെന്നും, സംഭവിച്ചതിൽ തനിക്ക് അതിയായ ഖേദം ഉണ്ടെന്നും അത് സ്വീകരിച്ച് തുടർനടപടി ഒഴിവാക്കണമെന്നും നോട്ടീസിനുള്ള മറുപടിയിൽ അഭ്യർത്ഥിച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here