ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു; സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയനായ ന്യായാധിപൻ

ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രീം കോടതി നിയമിച്ച തെരുവുനായശല്യ പരിഹാരസമിതിയുടെ അധ്യക്ഷനുമായിരുന്ന ജസ്റ്റിസ് എസ്.സിരി ജഗൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നിയമരംഗത്തെ പാണ്ഡിത്യത്തോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഇടപെടലുകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

1952 ജനുവരി 22ന് കൊല്ലം മയ്യനാട്ട് ആണ് ജനനം. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദവും കൊച്ചി കുസാറ്റിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1970കളിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം സിവിൽ, ഭരണഘടനാ വിഷയങ്ങളിൽ വിദഗ്ദ്ധനായിരുന്നു. 2005 ഫെബ്രുവരി 10ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. ഒൻപത് വർഷത്തോളം നീണ്ട സേവനത്തിന് ശേഷം 2014 ജനുവരി 22നാണ് സർവീസിൽ നിന്ന് വിരമിച്ചത്.

വിരമിച്ച ശേഷവും പൊതുസമൂഹത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കേരളത്തിലെ തെരുവുനായ ശല്യം പഠിക്കാനും ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുമായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. ഇതിൻ്റെ പ്രവർത്തനം സാമ്പത്തികമായി പ്രതിസന്ധിയിലായ ഘട്ടത്തിൽ സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്ത് പോലും ഓഫീസിന്റെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. മുൻപ് ശബരിമല ഹൈപവർ കമ്മിറ്റിയുടെ ചെയർമാനായും കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ ആക്ടിങ് വൈസ് ചാൻസലറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അദ്ദേഹം താമസിച്ചിരുന്ന കൊച്ചി കടവന്ത്ര സ്റ്റാർ പാരഡൈസ് അപ്പാർട്ട്മെൻ്റിൽ നാളെ (ഞായർ) രാവിലെ 9 മുതൽ വൈകിട്ടു 3 മണി വരെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ടു 4 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top