ഐഎഎസ് പ്രതിച്ഛായയിൽ മുഖം മിനുക്കാൻ സർക്കാർ; കെ ജയകുമാർ ദേവസ്വം തലപ്പത്തേക്ക്

മുൻ ചീഫ് സെക്രട്ടറിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് കൂടുതൽ സ്വീകാര്യനായ വ്യക്തി എന്ന നിലയിൽ കെ ജയകുമാറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ പറഞ്ഞു. ഭക്തർക്ക് പൂർണ്ണ തൃപ്തി ലഭിക്കുന്ന നിലയിലേക്ക് ശബരിമല ക്ഷേത്രത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. ഭക്തരുടെ ഒരൊറ്റ ചില്ലിക്കാശ് പോലും നഷ്ടമാകാതിരിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കും. സുഗമമായ മണ്ഡലകാല തീർഥാടനത്തിനാണ് പുതിയ ഭരണസമിതി പ്രധാനമായും മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read : വിവാദങ്ങളില്‍ തെറിച്ച് PS പ്രശാന്ത്; തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ സിപിഎം തീരുമാനം

ശബരിമല സ്പെഷ്യൽ ഓഫീസറായും മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറായും കെ ജയകുമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടറായി പ്രവർത്തിക്കുകയാണ്. അദ്ദേഹത്തിന് ശബരിമലയുടെ കാര്യങ്ങളിൽ വലിയ അനുഭവ പാരമ്പര്യവും പരിജ്ഞാനവുമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് ജയകുമാറിൻ്റെ പേര് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉയർന്നു വന്നത്.

മുൻ എംഎൽഎ ടികെ. ദേവകുമാർ, മുൻ എംപി എ സമ്പത്ത് എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നുവെങ്കിലും, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കെ. ജയകുമാറിനെ നിയമിക്കാൻ ധാരണയായെന്നാണ് റിപ്പോർട്ട്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനമൊഴിയുന്ന പിഎസ് പ്രശാന്ത്, കെ ജയകുമാറിന് ആശംസകൾ നേർന്നു. തീർത്ഥാടനകാലം തുടങ്ങാനിരിക്കെ അദ്ദേഹത്തിൻ്റെ അനുഭവ പാരമ്പര്യം മുതൽക്കൂട്ടാകുമെന്ന് പ്രശാന്ത് പ്രതികരിച്ചു. നിലവിലെ ഭരണസമിതിയുടെ കാലാവധി ഈ മാസം 12-ന് അവസാനിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top