കോടതി വിമര്‍ശിച്ചിട്ടും കസേര വിടാത്ത മന്ത്രി ബിന്ദു; കരുണാകരൻ്റെ മാതൃക സിപിഎം കാണുന്നില്ലേ?

എൻജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച ‘കീം’ (KEAM – Kerala Engineering, Architecture, and Medical Entrance Examination) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കാൻ തയ്യാറില്ല. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണത്തിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരെടുത്ത തീരുമാനം ദുരുപദിഷ്ടവും (Malafide) നിയമവിരുദ്ധവും (Illegal) നീതീകരിക്കാൻ കഴിയാത്തതും (Unjustified) ഏകപക്ഷീയവും (Arbitrary) ആണെന്നാണ് ഹൈക്കോടതി ഉത്തരവിൽ എടുത്തുപറഞ്ഞത്.
സര്‍ക്കാരിന്റെ മുഖത്തടിയേറ്റ സാഹചര്യത്തിൽ, അല്‍പമെങ്കിലും ധാര്‍മ്മികതയും നീതിബോധവും ഉണ്ടെങ്കിൽ ബിന്ദു രാജിവയ്ക്കുമായിരുന്നു എന്നാണ് വിമര്‍ശനം ഉയരുന്നത്. ഭരണഘടനയെ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ വകുപ്പ് സ്വീകരിച്ച തീരുമാനത്തിനെതിരെ ഇത്ര കടുത്ത ഭാഷയിൽ കോടതി പറഞ്ഞിട്ടും അധികാരത്തില്‍ തുടരുന്നത് അധാര്‍മ്മികവും സത്യപ്രതിജ്ഞാ ലംഘനവും ആണെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നേക്ക് കൃത്യം 48 വര്‍ഷം മുന്‍പാണ് രാജന്‍ കേസില്‍ ഹൈക്കോടതിയുടെ വെറുമൊരു പരാമര്‍ശത്തിൻ്റെ പേരിൽ കെ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്.

ALSO READ : എവിടെപ്പോയി സിപിഎമ്മിൻ്റെ രാഷ്ട്രീയ ധാർമ്മികത? കരുണാകരൻ കാട്ടിയ മാതൃകയും മന്ത്രി സജിക്ക് സ്വീകാര്യമല്ലേ
കോഴിക്കോട് ആര്‍ഇസിയിലെ വിദ്യാര്‍ത്ഥി ആയിരുന്ന പി രാജനെ അടിയന്തരാവസ്ഥ കാലത്തു പൊലീസ് അന്യായമായി കസ്റ്റഡിയിൽ എടുത്തതിനെതിരെ അച്ഛൻ ടിവി ഈച്ചരവാര്യര്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കരുണാകരന്‍ കള്ളം പറഞ്ഞു എന്ന് ധ്വനി വരുന്ന പരാമര്‍ശം ഉണ്ടായത്. “ആഭ്യന്തര മന്ത്രി കെ കരുണാകരന്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ വാദി ഉന്നയിച്ച ആരോപണത്തിന് നേരായ മറുപടിയല്ല മന്ത്രി നല്‍കിയത് എന്ന് പറയേണ്ടി വന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു” എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കെ കരുണാകരന്‍ കള്ളം പറഞ്ഞു എന്ന പ്രതിപക്ഷ കോലാഹലത്തിന്റെ പേരിലാണ് അദ്ദേഹമന്ന് രാജിവച്ചത്.
‘We regret to say that, this is not meeting the point raised by the petitioner, for one would like a direct answer- particularly in view of the seriounsess of the averments as to whether the petitioner did meet Sri. K. Karunakaran on 10th March 1976. If he did meet him it would have been necessarily for the purpose of complaining about the disappearance of his son and more than what the reply of Karunakaran was, the fact of meeting Sri. Karunakaran itself would be relevant’. ഇതായിരുന്നു വിധിന്യായത്തിലെ പരാമര്‍ശം. (T.V. Eachara Varier vs Secretary To The Ministary Of Home … on 13 April, 1977 )
ജസ്റ്റിസുമാരായ പി സുബ്രഹ്‌മണ്യന്‍ പോറ്റിയും, ഖാലിദും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് 1977 ഏപ്രില്‍ 13ന് നടത്തിയ വിധിയിലെ ഈ പരാമര്‍ശത്തിന്റെ പേരിലാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. കേസില്‍ കരുണാകരന് നേരിട്ട് പങ്കാളിത്തം ഉണ്ടെന്നോ പൊലീസിന്റെ നീതി നിര്‍വഹണത്തില്‍ തെറ്റായ മാര്‍ഗത്തിലൂടെ മുഖ്യമന്ത്രി ഇടപെട്ടെന്നോ, സ്വജനപക്ഷപാതം കാട്ടിയെന്നോ, സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നോ ഒന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയില്ല. എന്നിട്ടും ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങളുടെ പേരിലാണ് അദ്ദേഹം പദവി ഒഴിഞ്ഞത്.
എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നീതീകരിക്കാനാവാത്ത വിധം നിയമവിരുദ്ധമായും ദുരുദ്ദേശത്തോടും റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തിയെന്ന് കോടതി പരാമര്‍ശങ്ങള്‍ നടത്തിയിട്ടും മന്ത്രി ആര്‍ ബിന്ദു മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് അധികാരത്തില്‍ തുടരുകയാണ്. വകുപ്പിനുണ്ടായ ഗുരുതരമായ പിഴവിന് വകുപ്പിന്റെ അധ്യക്ഷ എന്ന നിലയില്‍ മന്ത്രിക്ക് ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മ്മിക – നീതി ബോധം മുഖ്യമന്ത്രിയോ ഇടതു മുന്നണിയോ പ്രകടിപ്പിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here