അശ്ലീല വീഡിയോയിൽ കുരുങ്ങി ഡിജിപിക്ക് സസ്‌പെൻഷൻ; ആസ്ഥാനം വിടാൻ അനുവാദമില്ല; അന്വേഷണം മുറുകുന്നു

അശ്ലീല വീഡിയോ വിവാദത്തിൽ കർണാടക സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സസ്‌പെൻഡ് ചെയ്തു. ഓഫീസിനുള്ളിൽ സ്ത്രീകളോടൊപ്പം അശ്ലീലമായ രീതിയിൽ പെരുമാറുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റേതെന്ന് കരുതുന്ന വീഡിയോകളും ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നത്.
സ്വന്തം ഓഫീസിനുള്ളിൽ വെച്ച് സ്ത്രീകളുമായി മോശമായ രീതിയിൽ ഇടപെടുന്ന വീഡിയോകളാണ് പ്രചരിച്ചത്. സർക്കാർ ഉദ്യോഗസ്ഥന് ചേരാത്ത രീതിയിലുള്ള പെരുമാറ്റം സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയതായി സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. സർക്കാരിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇദ്ദേഹം നിയമങ്ങൾ ലംഘിച്ചതായി ബോധ്യപ്പെട്ടതിനെത്തുടർന്നാണ് അടിയന്തരമായി സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ കാലയളവിൽ സർക്കാരിന്റെ അനുവാദമില്ലാതെ ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്നും കർശന നിർദ്ദേശമുണ്ട്.
എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും വീഡിയോ വ്യാജമാണെന്നും രാമചന്ദ്ര റാവു പ്രതികരിച്ചു. നിയമത്തിന് മുകളിൽ ആരുമില്ലെന്നും എത്ര മുതിർന്ന ഉദ്യോഗസ്ഥനായാലും കുറ്റം തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. 1993 ബാച്ച് ഐപിഎസ് ഓഫീസറായ രാമചന്ദ്ര റാവുവിന് മുമ്പും നിരവധി വിവാദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ തന്റെ രണ്ടാം ഭാര്യയുടെ മകളെ രക്ഷിക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. ആ സംഭവത്തിൽ നേരത്തെ ഇദ്ദേഹത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അന്വേഷണത്തിന് ശേഷമാണ് വീണ്ടും സർവീസിൽ പ്രവേശിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here