കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു; ക്ലീൻ ചിറ്റ് നൽകതെ എസ്ഐടി; ബാങ്ക് അക്കൗണ്ടുകൾ ഇഡി നിരീക്ഷണത്തിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസിൽ കടകംപള്ളിക്ക് ക്ലീൻ ചിറ്റ് നൽകാൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്കുള്ള ബന്ധത്തെക്കുറിച്ചും ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നതിലും എസ്.ഐ.ടി വിശദമായ പരിശോധന ആരംഭിച്ചു.
ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രമാണ് പോറ്റിയെ അറിയുന്നതെന്നും ഒരു തവണ മാത്രമാണ് കണ്ടതെന്നുമാണ് ഡിസംബർ 28-ന് നടന്ന ചോദ്യം ചെയ്യലിൽ കടകംപള്ളി മൊഴി നൽകിയത്. എന്നാൽ ഈ മൊഴിയിൽ വലിയ പൊരുത്തക്കേടുകൾ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി. മന്ത്രി എന്ന നിലയ്ക്കപ്പുറം കടകംപള്ളി പോറ്റിയുടെ വീട് സന്ദർശിച്ചിട്ടുണ്ടെന്നും ഒരു തവണ പോലീസ് അകമ്പടിയോടെയാണ് എത്തിയതെന്നും സാക്ഷിമൊഴികളുണ്ട്. പോറ്റിയുടെ അച്ഛനെ സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, കടകംപള്ളിക്ക് താൻ ഉപഹാരങ്ങൾ നൽകിയിട്ടുണ്ടെന്ന് പോറ്റിയും മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 2019-ൽ ഇരുവരും തമ്മിൽ എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
Also Read : കടകംപള്ളിയും പോറ്റിയും എയർപോർട്ടിൽ; ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും സ്വർണ്ണക്കൊള്ള കേസിൽ കടുത്ത വിമർശനമാണ് ഉയർത്തിയത്. “ആരാധിക്കുന്ന ദൈവത്തെ പോലും നിങ്ങൾ കൊള്ളയടിച്ചില്ലേ?” എന്ന് മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ചോദിച്ചു. സ്വർണ്ണം പൂശിയ പാളികൾ വീണ്ടും എന്തിനാണ് സ്വർണ്ണം പൂശിയതെന്നും കോടതി സംശയം പ്രകടിപ്പിച്ചു. കേസിലെ ഗൗരവം പരിഗണിച്ച് എൻ. വാസുവിന് ജാമ്യം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസിലെ ഏറ്റവും നിർണ്ണായകമായ കണ്ടെത്തൽ, ശ്രീകോവിൽ കട്ടിളയിലെ സ്വർണ്ണത്തിന്റെ അളവ് കുറച്ച് കാണിക്കാനും, സ്വർണ്ണത്തിന് പകരം അത് വെറും ‘ചെമ്പ് പാളികൾ’ എന്ന് സ്റ്റോക്ക് രജിസ്റ്ററിൽ മാറ്റം വരുത്താനും എൻ. വാസു നേരിട്ട് നിർദ്ദേശം നൽകി എന്നതാണ്. ഈ രേഖകളിലെ കൃത്രിമം കടകംപള്ളി സുരേന്ദ്രന്റെ അറിവോടെയാണോ നടന്നതെന്നാണ് എസ്.ഐ.ടി പ്രധാനമായും അന്വേഷിക്കുന്നത്.
ശബരിമലയിൽ കഴിഞ്ഞ ദിവസം എസ്.ഐ.ടി നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ഇതേസമയം, പോറ്റിയുടെ 1.3 കോടിയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിട്ടുണ്ട്. പത്മകുമാർ, മുരാരി ബാബു എന്നിവരടക്കമുള്ള കൂടുതൽ പ്രതികളുടെ സ്വത്തുക്കളും മരവിപ്പിക്കാനാണ് നീക്കം. സ്വർണ്ണക്കൊള്ളയിലൂടെ ലഭിച്ച ലാഭവിഹിതം ബിനാമി അക്കൗണ്ടുകൾ വഴി ഉന്നത ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയക്കാരിലേക്കും എത്തിയതായി ഇഡി സംശയിക്കുന്നു. കേസിലെ സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തി കണക്കിലെടുത്ത്, കടകംപള്ളി സുരേന്ദ്രനുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി നീക്കം നടത്തുന്നതായാണ് സൂചന. ശബരിമലയിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകളിൽ മാറ്റം വരുത്തിയോ എന്ന് പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. പ്രധാനപ്പെട്ട പല ദൃശ്യങ്ങളും മായ്ക്കപ്പെട്ടതായി സൂചനയുണ്ട്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here