സർക്കാരിനും സിപിഎമ്മിനുമെതിരെ വൻ വിമർശനവുമായി മല്ലിക സാരാഭായി; കംപ്യൂട്ടർ തുറക്കാനും അടയ്ക്കാനും അറിയാത്തവരാണ് കലാമണ്ഡലം ജീവനക്കാരെന്ന് തുറന്നുപറച്ചിൽ

രാഷ്ട്രീയ അതിപ്രസരം നിമിത്തം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇടത് സംഘടനകൾ തകർക്കുകയാണെന്ന വിദ്യാഭ്യാസ വിദഗ്ധരുടെ വാദത്തിന് അടിവരയിടുന്ന പ്രസ്താവനയുമായി കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ മല്ലിക സാരാഭായ്. നേരാംവണ്ണം ഒരു ഇമെയിൽ പോലും അയക്കാൻ അറിയാത്ത ഉദ്യോഗസ്ഥരാണ് കലാമണ്ഡലം സർവകലാശാലായിൽ ഉള്ളതെന്ന് അവർ കുറ്റപ്പെടുത്തി. കലാമണ്ഡലത്തെ അന്താരാഷ്ട്ര പെര്‍മോഫിങ് ആര്‍ട്‌സ് കേന്ദ്രമാക്കി മാറ്റാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ രാഷ്ട്രീയം മുതല്‍ കഴിവില്ലാത്ത ജീവനക്കാര്‍ വരെ സ്ഥാപനത്തിൻ്റെ വളര്‍ച്ചയ്ക്ക് പ്രതിബന്ധമാകുന്നുവെന്ന് മല്ലികാ സാരാഭായ് തുറന്നടിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ തുറന്നുപറച്ചില്‍.
ഗവർണർ ആരിഫ് ഖാനും സർക്കാരുമായി സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ചൊല്ലി ഏറ്റുമുട്ടൽ നടക്കുന്ന ഘട്ടത്തിലാണ് 2022 ഡിസംബറിൽ പ്രശസ്ത നർത്തകിയും സംഘപരിവാർ വിമർശകയുമായ മല്ലിക സാരാഭായിയെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി നിയമിച്ചത്. ഇന്ത്യന്‍ ശാസ്‌ത്രീയ നൃത്തത്തെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച മല്ലിക സാരാഭായ്, കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലര്‍ ആവുന്നത് കലാകേരളത്തിന് ഗുണകരമായി മാറുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയത്. പക്ഷേ, സർക്കാരിൻ്റേയും ഇടത് സർവീസ് സംഘടനകളുടേയും സർവകലാശാല ഭരണത്തിലെ അനാവശ്യ കൈകടത്തലിനെ ആണിപ്പോൾ മല്ലിക ശക്തമായി എതിർക്കുന്നത്.
“കലാമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്ക് നിലവിലെ നിരവധി ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. കലാമണ്ഡലം, കല്‍പിത സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടപ്പോള്‍, ക്ലാര്‍ക്കുമാരായിരുന്ന ആളുകള്‍ പെട്ടെന്ന് ഓഫീസര്‍മാരായി. വൈസ് ചാന്‍സലറും രജിസ്ട്രാറും അല്ലാതെ മറ്റാര്‍ക്കും ഇംഗ്ലീഷില്‍ ഒരു ഇ-മെയില്‍ അയയ്ക്കാന്‍ പോലും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.” ഇവരുടെയെല്ലാം രാഷ്ട്രീയമാണ് പ്രശ്‌നമെന്നും മല്ലിക സാരാഭായ് പറഞ്ഞു.
“എന്തു ചോദിച്ചാലും ‘ഐ ഡോണ്ട് നോ’ (എനിക്കൊന്നുമറിയില്ല) എന്ന പല്ലവി പാടുന്നവരെ ക്കൊണ്ട് ഒരു സ്ഥാപനം എങ്ങനെ നടത്തും ? ഒരു വശത്ത് സാമ്പത്തിക പരാധീനത വരിഞ്ഞു മുറുക്കുന്നു, മറുവശത്ത് യാതൊരു കഴിവുമില്ലാത്ത ഒരു പറ്റം ജീവനക്കാരും. ഇവരെ വെച്ച് സർവകലാശാ ലയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ വളരെ ബുദ്ധിമുട്ടാണ്. വൈസ് ചാൻസലർ അനന്തകൃഷ്ണൻ സമർത്ഥനാണ്. ഹൈദരാബാദ് സർവകലാശാലയിൽ പ്രവർത്തിച്ച പരിചയം ഉണ്ട്. എന്നാൽ ഒരു കഴിവുമില്ലാത്ത കുറെ ജീവനക്കാരെ വെച്ച് ഈ സ്ഥാപനം എങ്ങനെ വികസിക്കും? നിലവിലെ സിസ്റ്റം പരിഷ്കരിക്കാതെ ഒരടി മുന്നോട്ട് പോകാനാവില്ല. കംപ്യൂട്ടർ തുറക്കാനും അടയ്ക്കാനും അറിയാവുന്നവരെ എങ്കിലും നിയമിക്കണ്ടേ, വർഷത്തിൽ 200 ദിവസമെങ്കിലും ജോലി ചെയ്യാത്തവരെ വെച്ച് ഈ സർവകലാശാല എങ്ങനെ നടത്തും? ഇത്തരക്കാരെ പുറത്താക്കാനും പറ്റില്ല. ഞങ്ങളുടെ കൈകൾ പൂർണമായി ബന്ധിച്ചിരിക്കുകയാണ്,” മല്ലിക തുറന്നടിച്ചു.
“രാഷ്ട്രീയ പരിഗണന മാത്രം വെച്ച് ഒരു പ്രാഗത്ഭ്യവുമില്ലാത്തവരെ ജീവനക്കാരായി നിയമിക്കുന്നു. മോശമെന്നു കണ്ടാൽ പുറത്താക്കാനും കഴിയില്ല. ഇത്തരത്തില്‍ പാര്‍ട്ടിക്കാരെ കുത്തിനിറക്കുകയാണ്. അത്യാവശ്യം കഴിവുള്ളവരെയെങ്കിലും നിയമിച്ചു കൂടേ? കുറഞ്ഞപക്ഷം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനറിയുന്ന, കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവരെയെങ്കിലും നിയമിക്കണം”. അക്കൗണ്ട്‌സ് മേധാവിക്ക് സർക്കാർ- യൂണിവേഴ്‌സിറ്റി നിയമന്നങ്ങളെക്കുറിച്ച് അറിവുണ്ടെങ്കില്‍ മാത്രമേ സ്ഥാപനം പ്രവര്‍ ത്തിക്കാനാവൂ എന്നും മല്ലികാ സാരാഭായ് പറഞ്ഞു. പാർട്ടി പരിഗണനയുടെ പേരിലെ അനർഹരുടെ നിയമനത്തെ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ല എന്നാണ് ചാൻസലറുടെ നിലപാട്.
ആകെക്കൂടി ഇവിടെ വന്ന ശേഷം കണ്ട ഒരു നല്ല കാര്യം ഒരു മുസ്ലീം പെൺകുട്ടി പഠിക്കാനെത്തി എന്നതാണ് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കലയ്ക്ക് ജാതി- മത അതിർവരമ്പുകൾ പാടില്ലാ എന്നതാണ് പ്രമാണം. സാമ്പത്തിക പരാധീനതകൾ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നിലവാരത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഓരോ ദിവസവും ഫണ്ടിൻ്റെ കുറവ് നിമിത്തം ദൈനംദിന പരിപാടികൾ മുടങ്ങിപ്പോകുന്നു. കേന്ദ്ര സർക്കാർ സ്ഥാപനത്തെ വരിഞ്ഞു മുറുക്കുന്നതും, സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ചും തനിക്ക് നന്നായി അറിയാമെന്നവർ ചൂണ്ടിക്കാട്ടി. കലാമണ്ഡലത്തെ സഹായിക്കാൻ സന്നദ്ധതയുള്ളവരുടെ കൂട്ടായ്മ രൂപീകരി ക്കണമെന്ന് താൻ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.
പ്രശസ്‌ത നര്‍ത്തകി മൃണാളിനി സാരാഭായിയുടേയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടേയും മകളാണ് മല്ലിക. പ്രശസ്തമായ
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി സാരാഭായ്. 1953ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്‍റ് സേവ്യേഴ്‌സ് കലാലയത്തില്‍ പഠിച്ചു. അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്ന് എംബിഎ ബിരുദം കരസ്ഥമാക്കിയിട്ടുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here