കിടക്കയിൽ മൂത്രമൊഴിച്ചതിന് പിഞ്ചുകുഞ്ഞിനോട് ക്രൂരത; വളർത്തമ്മയെ കുടുക്കി അങ്കണവാടി ടീച്ചറുടെ ഇടപെടൽ

കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ച് വയസ്സുകാരിയായ വളർത്തുമകളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ വളർത്തമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിനിയും കഞ്ചിക്കോട് കിഴക്കേമുറിയിൽ താമസക്കാരിയുമായ നൂർ നാസർ (റൂബി-35) ആണ് വാളയാർ പോലീസിന്റെ പിടിയിലായത്.
ഡിസംബർ രണ്ടിനാണ് നാടിനെ നടുക്കിയ ഈ ക്രൂരത നടന്നത്. കിടക്കയിൽ മൂത്രമൊഴിച്ചെന്ന് പറഞ്ഞ് അഞ്ച് വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം വച്ച് പൊള്ളിക്കുകയായിരുന്നു. ഇന്നലെ അങ്കണവാടിയിൽ എത്തിയ കുട്ടിക്ക് ഇരിക്കാൻ പ്രയാസം അനുഭവപ്പെടുന്നത് കണ്ട അധ്യാപിക നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ പൊള്ളലേറ്റതായി കണ്ടെത്തി.
തുടർന്ന് അങ്കണവാടി അധികൃതർ പോലീസിനെയും ചൈൽഡ് ലൈനിനെയും വിവരമറിയിച്ചു. കുട്ടിയുടെ പിതാവായ നേപ്പാൾ സ്വദേശി മുഹമ്മദ് ഇംത്യാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇംത്യാസിന്റെ രണ്ടാം വിവാഹമാണിത്. നൂർ നാസർ മുൻപും കുട്ടിയെ നിരന്തരമായി ശാരീരികമായി ഉപദ്രവിച്ചിരുന്നതായി മൊഴികളുണ്ട്. വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് (Juvenile Justice Act) പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here