ഷൂട്ടിങ്ങിന് പോയ നടിയെ തട്ടിക്കൊണ്ടുപോയി ഭർത്താവ്; ആവശ്യപ്പെട്ടത് ഒരുവയസുള്ള മകളെ

കന്നഡ നടിയായ ചൈത്ര ആർനെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. സഹോദരി ലീല ആർ പോലീസിൽ പരാതി നൽകി. മകളുടെ കസ്റ്റഡിയെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം.

ഭർത്താവ് ഹർഷവർദ്ധൻ, ചലച്ചിത്ര നിർമ്മാതാവും വർദ്ധൻ എന്റർപ്രൈസസിന്റെ ഉടമയുമാണ്. 2023ലാണ് ഇവരുടെ വിവാഹം നടന്നത്. ഏകദേശം എട്ട് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. നടി ഒരു വയസ്സുള്ള മകളോടൊപ്പം മഗാഡി റോഡിലെ വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹാസനിലാണ്.

ഡിസംബർ 7ന് ഷൂട്ടിങ്ങിനായി മൈസൂരുവിലേക്ക് പോകുന്നുവെന്ന് ചൈത്ര കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇത് ഭർത്താവ് ഹർഷവർദ്ധൻ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നുവെന്നാണ് പരാതി. ഹർഷവർദ്ധന്റെ കൂട്ടാളി കൗഷിക് മറ്റൊരു ആളുടെ സഹായത്തോടെ ചൈത്രയെ മൈസൂരു റോഡ് മെട്രോ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാറിൽ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പിന്നീട്, ഈ വിവരം ചൈത്ര സുഹൃത്തിനെ വിളിച്ച് അറിയിച്ചു. സുഹൃത്ത് ഉടൻ തന്നെ ചൈത്രയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഹർഷവർദ്ധൻ ചൈത്രയുടെ അമ്മ സിദ്ധമ്മയെ വിളിച്ച് തട്ടിക്കൊണ്ടുപോയ കാര്യം സമ്മതിച്ചു. തന്റെ കുഞ്ഞിനെ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ മാത്രമേ ചൈത്രയെ വിട്ടയക്കൂ എന്നാണ് ഹർഷവർദ്ധൻ ആവശ്യപ്പെട്ടത്.

പിന്നീട്, മറ്റൊരു ബന്ധുവിനെ വിളിച്ച് കുട്ടിയെ അർസിക്കെരെയിൽ എത്തിക്കാൻ ആവശ്യപ്പെടുകയും, ചൈത്രയെ സുരക്ഷിതമായി വിട്ടയക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തുടർന്നാണ്, ബന്ധുക്കൾ പോലീസിനെ വിവരമറിയിച്ചത്. ചൈത്രയുടെ സഹോദരി ലീലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top