ദുരൂഹതകള്‍ മാറാതെ നവീന്‍ ബാബുവിന്റെ വേര്‍പാട്; മഞ്ജുഷയേയും മക്കളേയും വഞ്ചിച്ച് സിപിഎം; രാഷ്ട്രീയത്തില്‍ സജീവമായി ദിവ്യ

കേരള സംസ്ഥാനം രൂപീകൃതമായ ശേഷം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ദുരുഹ മരണം മലയാളികളെ ഇത്രമേല്‍ ഉലച്ചിട്ടുണ്ടോ എന്നറിയില്ല. ആ വേര്‍പാട് സൃഷ്ടിച്ചിട്ട് ഒരു വര്‍ഷം ആകുമ്പോഴും മരണത്തിന് ഉത്തരവാദികളായ ഒരു പറ്റം പേര്‍ ഒളിഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ അഡീഷണല്‍ ഡിസ്ടികറ്റ് മജിസ്‌ട്രേറ്റായിരുന്ന കെ നവീന്‍ ബാബു മരിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ഇപ്പോഴും കൈയെത്തും ദൂരത്താണ്. മരണത്തിന് ഉത്തരവാദികളായവര്‍ ഭരണകൂടത്തണലില്‍ സസുഖം വാഴുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് പള്ളിക്കുന്നിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ആയിപ്പോകുന്നതിന്റെ ഭാഗമായി നടന്ന യാത്ര അയപ്പ് യോഗമാണ് നവീന്‍ ബാബുവിന്റെ ജീവിതം കീഴ്‌മേല്‍ മറിച്ചത്. ക്ഷണിക്കപ്പെടാത്ത അതിഥി ആയി തികച്ചും സ്വകാര്യമായ യോഗത്തിലേക്ക് വലിഞ്ഞു കേറി വന്ന് നവീന്‍ ബാബു അഴിമതിക്കാരന്‍ ആണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പ്രസംഗമാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടത്. കറകളഞ്ഞ സര്‍വീസ് ട്രാക്ക് റെക്കോര്‍ഡുള്ള നവീന്‍ ബാബു കൈക്കൂലിപ്പാവിയാണ് എന്നമട്ടിലുള്ള ദിവ്യയുടെ ചാപ്പകുത്തല്‍ പ്രസംഗം നാടാകെ അവര്‍ തന്നെ പ്രചരിപ്പിച്ചു. സത്യവുമായി പുലബന്ധം പോലുമില്ലാത്ത പ്രസ്താവനയായിരുന്നു ദിവ്യ നടത്തിയത്. ഒരു പെട്രോള്‍ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട ഫയല്‍ ക്ലിയര്‍ ചെയ്യാന്‍ ഒരു ലക്ഷം രുപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നവീന്റ മരണശേഷം കഥകള്‍ ഉയര്‍ന്നത്.

അടിമുടി സിപിഎം പ്രവര്‍ത്തകനും കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബാംഗവുമായ നവീന്‍ ബാബുവിനൊപ്പമാണ് പാര്‍ട്ടി എന്നൊക്കെ നേതാക്കള്‍ വായ്ത്താരി മുഴക്കിയെങ്കിലും പിന്നീട് ദിവ്യക്കായി അന്വേഷണം അട്ടിമറിക്കുന്നതാണ് പിന്നീട് കണ്ടത്. നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണെന്നും കൊലപാതകമെന്ന കുടുംബത്തിന്റെ ആശങ്ക പരിശോധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ സര്‍ക്കാര്‍ നഖശിഖാന്തം എതിര്‍ക്കുന്നതാണ് കണ്ടത്.
നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ചാണ് ഭാര്യ കെ. മഞ്ജുഷ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സംസ്ഥാന പോലീസിന്റെ കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൊന്ന് കെട്ടിത്തൂക്കിയാതാകാമെന്ന സംശയം ഉന്നയിക്കുന്നത്. ഈ സംശയ ദുരീകരണത്തിനൊന്നും ശ്രമിക്കാതെ ഏകപക്ഷീയമായ അന്വേഷണം നടത്തുകയായിരുന്നു. സുപ്രീം കോടതി വരെ പോയിട്ടും സിബിഐ അന്വേഷണമെന്ന ആവശ്യം അംഗീകരിച്ചു കിട്ടിയില്ല. എഡിഎമ്മിന്റേത് ആത്മഹത്യയാണെന്നും ദിവ്യയുടെ പ്രസംഗമാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘമെത്തിയത്.
എന്നാല്‍, വീട്ടുകാര്‍ എത്തും മുന്‍പേ പോലീസ് തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് തയാറാക്കിയത് സംശയകരമാണ്. ഇന്‍ക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെടുകയാണ് ചെയ്തതെന്ന ഭാര്യയുടെ ആരോപണത്തിന് പോലീസ് തൃപ്തികരമായ മറുപടി ഇതേവരെ പറഞ്ഞിട്ടില്ല. നവീന്‍ കോഴ വാങ്ങിയെന്നാരോപിച്ച് പെട്രോള്‍ പമ്പ് അപേക്ഷകന്‍ പ്രകാശന്‍ മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പ്രകാശന്റെ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞിട്ടും പ്രകാശനെ പ്രതിചേര്‍ക്കാത്തതും ദുരുഹമാണ്.
ALSO READ : പി പി ദിവ്യക്കും സർക്കാരിനും ആശ്വാസം; നവീൻ ബാബുവിന്റെ ഭാര്യയുടെ ഹർജി തള്ളി
നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്ന വിധത്തിലുളള സംശയങ്ങളാണ് കുടുംബം ഉന്നയിച്ചത്.
നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറഞ്ഞ പാര്‍ട്ടിയും സര്‍ക്കാരും മെല്ലെ അവരെ തഴയുന്നതാണ് പിന്നീട് കണ്ടത്. പ്രത്യേക അന്വേഷണ സംഘം നല്‍കിയ കുറ്റപത്രം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here