കണ്ണൂരിൽ BLO ജീവനൊടുക്കി; ജോലി സമ്മർദ്ദമെന്ന് കുടുംബം

കണ്ണൂർ പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (BLO) തൂങ്ങിമരിച്ച നിലയിൽ. ഏറ്റുകുടുക്ക സ്വദേശിയായ അനീഷ് ജോർജ് ആണ് മരിച്ചത്. കുന്നരു യുപി സ്കൂളിലെ പ്യൂണായിരുന്നു. കൂടാതെ ബൂത്ത് ലെവൽ ഓഫീസറായും (BLO) പ്രവർത്തിച്ചിരുന്നു.
ഇന്നാണ് അനീഷിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിഎൽഒ ആയി ജോലി ചെയ്യുന്നതിലെ കടുത്ത സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബം പറയുന്നത്. എന്നാൽ, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. അനീഷ് ഭാര്യക്കും മക്കൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
അതേസമയം, അനീഷിൻറെ മരണത്തിൽ സിപിഎം നേതാവ് എംവി ജയരാജൻ ശക്തമായി പ്രതികരിച്ചു. ഇത് ദൗർഭാഗ്യകരമായ സംഭവമാണ്. അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നു. അനീഷ് മാത്രമല്ല കേരളത്തിലെ ബിഎൽഒമാർ ഒന്നടങ്കം കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ നടപടിയാണ് ഇതിനെല്ലാം പിന്നിൽ. ഒരു ഉദ്യോഗസ്ഥൻ ഒരേ സമയം രണ്ട് ജോലി ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സമയപരിധി നീട്ടി നൽകണം. നടപടിക്രമങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണം. ഇതിനെതിരെ നിയമപരമായ പോരാട്ടം നടത്തുമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here