കപിൽ ശർമ്മയുടെ കഫേ വെടിവെപ്പ് കേസിൽ നിർണായക അറസ്റ്റ്; പ്രതി ഗോൾഡി ധില്ലൺ സംഘത്തിലെ അംഗം

ഹാസ്യനടൻ കപിൽ ശർമ്മയുടെ കാനഡയിലെ ‘കാപ്‌സ് കഫേ’യ്ക്ക് നേരെ അടുത്തിടെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഗോൾഡി ധില്ലൺ സംഘത്തിലെ അംഗമായ ബന്ധു മാൻ സിംഗ് സെഖോൺ ആണ് ഡൽഹിയിൽ നിന്നും പിടിയിലായത്. ഇയാൾക്ക് വെടിവെപ്പിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

കാനഡയിലെ സറേയിലുള്ള ‘കാപ്‌സ് കഫേ’യ്ക്ക് നേരെ മൂന്ന് തവണയാണ് ആക്രമണമുണ്ടായത്. വെടിവെപ്പ് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ജൂലൈ 10ലെ ആദ്യ ആക്രമണത്തിൽ വെടിയുതിർത്തവർക്ക് ആയുധങ്ങളും വാഹനവും നൽകിയത് സെഖോൺ ആണെന്നാണ് ആരോപണം. അക്രമികൾ ഉപയോഗിച്ച വാഹനം കനേഡിയൻ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സെഖോൺ ഓഗസ്റ്റിൽ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിരുന്നു.

ഡൽഹിയിൽ ആയുധക്കടത്ത് സംഘം അറസ്റ്റിലായതിന് പിന്നാലെയാണ് സെഖോൺ പൊലീസിന്റെ പിടിയിലായത്. ഇയാൾക്ക് ആയുധങ്ങൾ നൽകിയത് ഈ സംഘമാണെന്ന് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. ചൈനീസ് നിർമ്മിത പിസ്റ്റളും കാട്രിഡ്ജുകളും ഇയാളിൽ നിന്നും കണ്ടെടുത്തു. സെഖോൺ ഗുണ്ടാത്തലവൻ ഗോൾഡി ധില്ലന്റെ കൂട്ടാളിയാണ്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.

ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങളായ ഗോൾഡി ധില്ലൺ, കുൽദീപ് സിദ്ധു എന്നീ ഗുണ്ടകളാണ് വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ജൂലൈ 10ന് നടന്ന ആദ്യ വെടിവെപ്പിൽ കഫേയുടെ ജനലുകൾ ലക്ഷ്യമാക്കി 10 റൗണ്ട് വെടിയുതിർത്തു. അപ്പോൾ കഫേയിൽ ജീവനക്കാർ ഉണ്ടായിരുന്നു. പ്രാദേശിക തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ഹർജിത് സിംഗ് ലഡ്ഡി ആണ് ആക്രമണത്തിന് പിന്നിലെന്ന് ആദ്യം അവകാശപ്പെട്ടത്.

ഓഗസ്റ്റ് 28ന് നടന്ന രണ്ടാമത്തെ ആക്രമണത്തിൽ കഫേയ്ക്ക് നേരെ 25 തവണ വെടിയുതിർത്തു. ഈ സംഭവത്തിന് ശേഷം ശർമ്മയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഒക്ടോബർ 16ന് നടന്ന മൂന്നാമത്തെ ആക്രമണത്തിൽ, കാറിൽ നിന്നിറങ്ങി ഒരാൾ 12 തവണ വെടിയുതിർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top