കരിപ്പൂരില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; വാങ്ങാനെത്തിയവര്‍ കുടുങ്ങി; കടത്തിയാള്‍ രക്ഷപ്പെട്ടു

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട. വാങ്ങാനെത്തിയ യുവാക്കള്‍ പിടിയിലായതോടെയാണ് വിമാനത്താവളം വഴി നടന്ന വന്‍ കഞ്ചാവ് കടത്തല്‍ തിരിച്ചറിഞ്ഞത്. ബാങ്കോക്കില്‍ നിന്നും അബുദാബി വഴി കടത്തി കൊണ്ടുവന്ന 18 കിലോ കഞ്ചാവ് സുരക്ഷാ പരിശോധനയെല്ലാം കഴിഞ്ഞ് എയര്‍പോര്‍ട്ടിന് പുറത്ത് എത്തിച്ചിരുന്നു. എന്നാല്‍ പോലീസിന് തോന്നിയ സംശയമാണ് വന്‍ലഹരിവേട്ടയില്‍ എത്തിയത്.
ഇന്നലെ രാത്രി എട്ടു മണിക്ക് എത്തിയ വിമാനത്തിലാണ് കഞ്ചാവ് എത്തിച്ചത്. ഇത് വാങ്ങാനായി മട്ടന്നൂര്‍ സ്വദേശകളായ രണ്ടുപേര്‍ എയര്‍പോര്‍ട്ട് പരിസരത്ത് എത്തുകയും ചെയ്തിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രിജില്‍, തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ എന്നിവരാണ് കഞ്ചാവ് കൈപ്പറ്റാന്‍ എത്തിയത്. ഏറെ നേരമായി എയര്‍പോര്‍ട്ട് പരിസരത്ത് നിന്ന് യുവാക്കളെ പോലീസ് ശ്രദ്ധിച്ചിരുന്നു. ചോദിച്ചപ്പോള്‍, വെറുതെ കറങ്ങാനും ഫോട്ടോ എടുക്കാനുമാണ് വിമാനത്താവളത്തില്‍ വന്നത് എന്നായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയാണ് വിശദമായി ചോദ്യം ചെയ്തതും ലഹരികടത്തിന്റെ വിവരം അറിഞ്ഞതും.
വിമാനത്താവളത്തില്‍ കഞ്ചാവുമായി എത്തുന്ന യാത്രക്കാരന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും റോഷന്റെ ഫോണിലുണ്ടായിരുന്നു. ഇത് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ എയര്‍പോര്‍ട്ടിലെ ടാക്‌സിയില്‍ യാത്ര തുടങ്ങിയിരുന്നു. യാത്രക്കാരന്റെ വിവരങ്ങള്‍ ശേഖരിച്ച് ട്രേസ് ചെയ്തപ്പോഴേക്കും ഇയാള്‍ വിമാനത്താവളം വിട്ടിരുന്നു. പോലീസ് ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ട് വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടു.
ഇതോടെ അപകടം മണത്ത യാത്രക്കാരന്‍ സിഗരറ്റ് വലിക്കണം എന്ന് ആവശ്യപ്പെട്ട് കാര്‍ നിര്‍ത്തിച്ച് രക്ഷപ്പെട്ടു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് കോടികളുടെ 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. 14 പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 5000 മുതല്‍ 8000 രുപ വരെ വല വരുന്ന കഞ്ചാവാണ് പിടികൂടിയത്. കടത്തി കൊണ്ടുവന്ന ആളെ തിരയുകയാണ് പോലീസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here