മുഖ്യമന്ത്രിയെ ‘പരേതനാക്കി’ മെറ്റ; ഓട്ടോ ട്രാന്‍സ്ലേഷന്‍ സിദ്ധരാമയ്യയെ ഡിജിറ്റലി കൊന്നു

അന്തരിച്ച കന്നഡ നടിയോടുള്ള ആദരസൂചകമായി കന്നഡയില്‍ നാലുവരി അനുശോചന സന്ദേശം പുറപ്പെടുവിച്ചു എന്ന ഏക കുറ്റം മാത്രമാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചെയ്തത്. പക്ഷേ, അന്താരാഷ്ട്ര ടെക് ഭീമനായ മെറ്റ കമ്പിനിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ മുഖ്യമന്ത്രിയെ ഓട്ടോ പരിഭാഷയിലൂടെ ‘പരേതനാക്കി’. ഭാഷയെക്കുറിച്ച് വേണ്ടത്ര പിടി പാടില്ലാതെ ഇമ്മാതിരി ട്രാന്‍സ്ലേഷന്‍ തുടര്‍ന്നാല്‍ പണി മേടിക്കുമെന്ന താക്കീത് മുഖ്യമന്ത്രിയുടെ ഓഫീസ് മെറ്റയ്ക്ക് നല്‍കിയിട്ടുണ്ട്.

ബഹുഭാഷാ ചിത്രങ്ങളിലെ നടിയും കര്‍ണാടക സ്വദേശിയുമായ ബി സരോജ ദേവിയുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കന്നഡയില്‍ അനുശോചന സന്ദേശം പുറപ്പെടുവിച്ചു. ഈ സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നല്‍കിയിരുന്നു. കന്നഡയിലെ സങ്കട സന്ദേശം ഇംഗ്ലീഷില്‍ ഓട്ടോ ട്രാന്‍സ് ലേഷനിലാക്കിയപ്പോഴാണ് സംഗതി കീഴ്‌മേല്‍ മറിഞ്ഞത്. അങ്ങനെയാണ് മുഖ്യമന്ത്രി പരേതന്‍( Late) ആയത്.

തല തിരിഞ്ഞ പരിഭാഷ കണ്ട് കോപാകുലനായ മുഖ്യമന്ത്രി സിദ്ധരാമയ്യ മെറ്റ കമ്പിനിയുടെ നെറികെട്ട ഇംഗ്ലീഷ് പരിഭാഷക്കെതിരെ പൊട്ടിത്തെറിച്ച് എക്‌സില്‍ ഇങ്ങനെ കുറിച്ചു; –
‘കന്നഡ ഭാഷയിലെഴുതിയ വസ്തുതകളെ വളച്ചൊടിക്കുകയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അപകടകരമാണ്. ഔദ്യോഗിക അറിയിപ്പുകള്‍ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനാവില്ല. തന്റെ മാധ്യമ ഉപദേഷ്ടാവ് തിരുത്ത് ആവശ്യപ്പെട്ടുകൊണ്ട് മെറ്റ അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ വേണം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ പെരുമാറേണ്ടത്. മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലെ പരിഭാഷകള്‍ അവ്യക്തവും അപര്യാപ്തവുമാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍്കുന്നു. ടെക് ഭീമന്‍മാരുടെ നിരുത്തര വാദപരമായ പെരുമാറ്റം മൂലം പൊതുജനങ്ങളുടെ ധാരണയും വിശ്വാസവും നഷ്ടപ്പെടാനിടയുണ്ട്.’

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും മെറ്റ കമ്പിനിയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളാണ്. ഈ വിഷയത്തില്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് (CMO ) മെറ്റ കമ്പിനിക്ക് കത്തയച്ചു. പരിഭാഷയില്‍ വ്യക്തതയും കൃത്യതയും വരുത്തുന്നതുവരെ
ഓട്ടോ ട്രാന്‍സ്ലേഷന്‍ ബട്ടണിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് സിഎംഒ നിര്‍ദേശിച്ചിട്ടുണ്ട്. കന്നട ഭാഷാ പണ്ഡിതന്മാരുമായി ആലോചിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തണം. മേലില്‍ കന്നഡയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അബദ്ധങ്ങള്‍ പറ്റാതിരിക്കാനുള്ള ഭാഷാപരമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top