ധർമ്മസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം

കർണാടകയിലെ ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ മറവ് ചെയ്‌തെന്ന് വെളിപ്പെടുത്തിയ സ്ഥലത്തു നടത്തിയ പരിശോധയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി. മണ്ണ് നീക്കി പരിശോധിക്കുന്നതിനിടയിലാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. മുൻ ക്ഷേത്ര ശുചീകരണ തൊഴിലാളി പറഞ്ഞ ആറാമത്തെ പോയിന്റിൽ പരിശോധിച്ചപ്പോഴാണ് നിർണായകമായ തെളിവുകൾ ലഭിച്ചത്. അസ്ഥികൂട ഭാഗങ്ങൾ പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. 13 സ്ഥലങ്ങളാണ് അന്വേഷണസംഘം അടയാളപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് സ്ഥലങ്ങളിലാണ് മണ്ണ് നീക്കി പരിശോധന നടത്തിയത്. എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നേത്രാവതി നദിയോട് ചേർന്നുള്ള ആറാമത്തെ പോയിന്റിലെ തിരച്ചിലിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിക്കിടക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിച്ചാണ് പരിശോധന നടത്തുന്നത്. ബാക്കി പോയിന്റുകളിലും പരിശോധന നടത്തും .
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു മുൻ ശുചീകരണ തൊഴിലാളി നടത്തിയത്. തന്റെ സൂപ്പര്‍വൈസറുടെ ഭീഷണിക്കു വഴങ്ങി 1998 നും 2018 നും ഇടയിൽ ധർമ്മസ്ഥലയിലും സമീപപ്രദേശങ്ങളുമായി നൂറോളം മൃതദേഹങ്ങൾ സംസ്കരിച്ചു എന്നാണ് ഇയാൾ പറഞ്ഞത്. ഇതിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിരവധി കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നു എന്നും ഇയാൾ പറഞ്ഞു. തന്റെ ജീവനും ഭീഷണി ഉണ്ടെന്നും കുറ്റബോധത്താൽ ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും ഇയാൾ പ്രതികരിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here