യെലഹങ്കയിലെ ഇടിച്ചുനിരത്തിലിന് പരിഹാരമായി പുനരധിവാസ പാക്കേജ്; നാണക്കേടിൽ നിന്നും തലയൂരാനുള്ള ശ്രമത്തിൽ കോൺഗ്രസ്

ബെംഗളൂരു യെലഹങ്കയിലെ ഫക്കീർ കോളനിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് കർണാടക സർക്കാർ. സംഭവം ദേശീയ തലത്തിൽ വലിയ വാർത്തയായതിന് പിന്നാലെ നാണക്കേടിൽ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. കുടിയൊഴിപ്പിക്കലിനെത്തുടർന്ന് വീട് നഷ്ടപ്പെട്ട അർഹരായ കുടുംബങ്ങൾക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്ക് കീഴിൽ ഫ്ലാറ്റുകൾ നൽകാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.

ഓരോ ഫ്ലാറ്റിനും ഏകദേശം 11.20 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് കണക്കാക്കുന്നത്. ഇതിൽ 8.70 ലക്ഷം രൂപ സർക്കാരും നഗരസഭയും ചേർന്ന് സബ്സിഡിയായി നൽകും. ബാക്കി തുക ഗുണഭോക്താക്കൾ നൽകിയാൽ മതിയാകും. ഇതിനായി കുറഞ്ഞ പലിശയിൽ ബാങ്ക് വായ്പയും സർക്കാർ ഉറപ്പാക്കും. ബയ്യപ്പനഹള്ളിയിലുള്ള ഫ്ലാറ്റുകളിലേക്കാകും കുടുംബങ്ങളെ മാറ്റുക. ജനുവരി ഒന്നു മുതൽ തന്നെ ഫ്ലാറ്റുകളുടെ കൈമാറ്റ നടപടികൾ ആരംഭിക്കാനാണ് നിർദ്ദേശം.

Also Read : ‘മനുഷ്യരുടെ സങ്കടത്തിന് ഒരു ഭാഷയേയുള്ളൂ’; ട്രോളന്മാർക്ക് മറുപടിയുമായി എ എ റഹീം

യഥാർത്ഥ രേഖകളുള്ള അർഹരായ പ്രാദേശിക താമസക്കാർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മാലിന്യ സംസ്കരണ പ്ലാന്റിനായി നീക്കിവച്ച ക്വാറി ഭൂമി കൈയേറി നിർമ്മിച്ച മുന്നൂറോളം വീടുകളാണ് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അധികൃതർ ഇടിച്ചുനിരത്തിയത്. കൊടും തണുപ്പത്ത് മുൻകൂർ നോട്ടീസ് നൽകാതെയുള്ള ഈ നടപടിക്കെതിരെ എ.എ. റഹീം എംപി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിഷയത്തിൽ ഇടപെടുകയും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും സംസാരിക്കുകയും ചെയ്തിരുന്നു. മാനുഷിക പരിഗണന മുൻനിർത്തി അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തിന് പിന്നാലെയാണ് സർക്കാർ പുനരധിവാസ പാക്കേജുമായി രംഗത്തെത്തിയത്.

അതേസമയം, കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും കുടിയേറ്റ തൊഴിലാളികളാണെന്നും എന്നാൽ പ്രാദേശികമായ അർഹരായവർക്ക് നീതി ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ ഭൂമി കൈയേറ്റം പ്രോത്സാഹിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top