പ്രജ്വൽ രേവണ്ണയ്ക്ക് തിരിച്ചടി! ജീവപര്യന്തം തടവ് സസ്‌പെൻഡ് ചെയ്യാനുള്ള അപേക്ഷ കർണാടക ഹൈക്കോടതി തള്ളി

ജെഡി(എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നാല് ബലാത്സംഗ കേസുകളിൽ ഒന്നിൽ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സസ്‌പെൻഡ് ചെയ്യാനുള്ള അപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെഎസ് മുദഗൽ, ജസ്റ്റിസ് വെങ്കിടേഷ് നായിക് ടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കേസിന്റെ ഗൗരവം കണക്കിലെടുത്തും, പ്രജ്വലിനെതിരെ മറ്റ് പല കേസുകൾ നിലനിൽക്കുന്നതിനാലും, സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുള്ളതിനാലും ഇത് ജാമ്യം നൽകാൻ പറ്റിയ കേസല്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ സമയത്തും പ്രജ്വലിന് ജാമ്യം ലഭിച്ചിരുന്നില്ല. പ്രജ്വലിന്റെ സ്വാധീനം കാരണം ആക്രമണം നടന്ന വിവരം പുറത്തുപറയാൻ ഇരയായ സ്ത്രീ വൈകിയെന്നും കോടതി ചൂണ്ടിക്കാട്ടി.
മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര, വിധി ദുർബലമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മാധ്യമ വിചാരണ കേസിനെ ബാധിച്ചു എന്നും വാദിച്ചു. ഇലക്ട്രോണിക് തെളിവുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയും ചെയ്തു. എഫ്ഐആർ നൽകാൻ വൈകിയതിലെയും ഫോറൻസിക് പരിശോധനകളിലെ നടപടിക്രമങ്ങളിൽ ഉണ്ടായ പിഴവുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രൊഫസർ രവിവർമ്മ കുമാർ ശക്തമായി എതിർത്തു. പ്രജ്വലിന് ജാമ്യം നൽകിയാൽ ഇരയുടെയും സാക്ഷികളുടെയും ജീവൻ അപകടത്തിലാകുമെന്നും മുമ്പ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ലോക്ക്ഡൗൺ സമയത്ത് വീട്ടിലെ ജോലിക്കാരിയെ പലതവണ ചെയ്ത ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കി. ഇതും ഗൗരവത്തിൽ എടുക്കണമെന്നും പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഹാസനിലെ ഹോളിനരസിപുരയിലെ ഗണ്ണിക്കട ഫാം ഹൗസിൽ ജോലിക്കാരിയായിരുന്ന 48 വയസ്സുള്ള സ്ത്രീയുടെ പരാതിയിന്മേലാണ് കേസ്. 2021ൽ ഹാസനിലെ ഫാം ഹൗസിലും ബെംഗളൂരുവിലെ വീട്ടിലുമായി സ്ത്രീയെ രണ്ടുതവണ ബലാത്സംഗം ചെയ്തു. കൂടാതെ ദൃശ്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്തു എന്നും ആരോപണമുണ്ട്. വീഡിയോ ദൃശ്യങ്ങൾ, ഡിഎൻഎ പരിശോധനാ ഫലങ്ങൾ, ഇരയുടെ വസ്ത്രങ്ങളിൽ കണ്ടെത്തിയ തെളിവുകൾ എന്നിവയെ ആശ്രയിച്ചാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
ലൈംഗിക പീഡനം ഉൾപ്പടെ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹാസ്സനിലെ പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്‌ത രണ്ടുപേരും വനിതാ നേതാവും മറ്റൊരു വീട്ടമ്മയുമടക്കം നാലു പേരാണ് പരാതി നൽകിയത്. കോടതി ഈ വിധി പ്രസ്താവിച്ചതോടെ, പ്രജ്വൽ രേവണ്ണയ്ക്ക് നിലവിലെ ജയിൽവാസം തുടരേണ്ടിവരും. കേസിൽ നൽകിയ അപ്പീൽ ഹൈക്കോടതി 2026 ജനുവരി 12ന് വീണ്ടും പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here