മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കുടുംബം അപമാനത്തിന്റെ പടുകുഴിയില്‍; പ്രജ്വല്‍ രേവണ്ണ എന്ന മുടിയനായ പുത്രന്‍

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രധാനമന്ത്രിയുടെ അടുത്ത ബന്ധു ബലാത്സംഗക്കേസില്‍ ജയിലിലാവുന്നതും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുന്നതും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക പ്രധാനമന്ത്രിയായ ദേവഗൗഡയുടെ കൊച്ചുമകനും മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയാണ് നിരവധി സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന്റെ പേരില്‍ അഴി എണ്ണൂന്നത്.
അധികാരം തലയ്ക്കു പിടിച്ച് കണ്ണൂകാണാതായ രാഷ്ടീയ കുടുംബത്തിലെ ഇളമുറ തമ്പുരാന്‍ കാട്ടിക്കൂട്ടിയ അധമ പ്രവര്‍ത്തികളുടെ ശിക്ഷയാണ് കോടതി ഉടനെ പറയാന്‍ ഒരുങ്ങുന്നത്. കര്‍ണാടകത്തിലെ ഹാസന്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രജ്വല്‍ രേവണ്ണ തന്നെ കാണാന്‍ വരുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിന്റെ ദൃശ്യങ്ങളും കഥകളുമാണ് പുറത്തുവന്നത്. 2021 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഒരു സ്‌ഫോടനം പോലെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചത്.
ആറ് പതിറ്റാണ്ടില്‍ അധികമായി കര്‍ണാടക രാഷ്ട്രീയത്തിലെ കിരീടം വെക്കാത്ത രാജാക്കന്മാരാണ് ദേവഗൗഡ കുടുംബം. പിതാവിനെപ്പോലെ മക്കളായ എച്ച്ഡി രേവണ്ണയും എച്ച്ഡി കുമാരസ്വാമിയും കര്‍ണാടകയില്‍ ജനതാദള്‍ (എസ്) എന്ന കുടുംബ പാര്‍ട്ടിയുടെ നേതാക്കളാണ്. കുമാരസ്വാമി ഇപ്പോള്‍ മോദി മന്ത്രിസഭയില്‍ ഉരുക്ക്, ഘന വ്യവസായമന്ത്രിയാണ്. രേവണ്ണയുടെ ഇളയ മകനാണ് പ്രജ്വല്‍. ഹാസനില്‍ നീതിയും ന്യായവുമൊക്കെ രേവണ്ണമാര്‍ പറയുന്നതാണ്. അതായിരുന്നു വര്‍ഷങ്ങളായുള്ള സ്ഥിതി. അതുകൊണ്ട് തന്നെ ഇവരുടെ ദുര്‍നടപ്പുകളെ ക്കുറിച്ചൊന്നും പരാതിപ്പെടാന്‍ ആരുമുണ്ടായില്ല. ഒടുക്കം നാല് സ്ത്രീകളാണ് പ്രജ്വല്‍ രേവണ്ണക്കെതിരെ പരാതി നല്‍കിയത്.
ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48-കാരി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വരാന്‍ പോകുന്നത്. പീഡനത്തിന് ഇരയാക്കിയ സ്ത്രീകളുടേത് ഉള്‍പ്പെടെ രണ്ടായിരത്തിലധികം വീഡിയോ ക്ലിപ്പുകള്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചതിന് സൈബര്‍ നിയമപ്രകാരമുള്ള കേസും പ്രജ്ജ്വലിന് എതിരെയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here