ആർത്തവ അവധിക്ക് പിന്നാലെ മൃഗങ്ങളുടെ കടിയേറ്റാൽ സൗജന്യ ചികിത്സ; പുരോഗമന പാതയിൽ കർണാടക

കർണാടക സർക്കാർ അടുത്തിടെ നടപ്പിലാക്കിയ രണ്ട് പ്രധാന നിയമഭേദഗതികൾ ആരോഗ്യ-തൊഴിൽ മേഖലകളിൽ ചരിത്രം സൃഷ്ടിക്കുകയാണ്. ശമ്പളത്തോടുകൂടിയ ആർത്തവ അവധി നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ മൃഗങ്ങളുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ അടിയന്തര ചികിത്സ ഉറപ്പാക്കുന്ന നിയമ ഭേദഗതി കൂടി കൊണ്ട് വന്നിരിക്കുകയാണ് കർണാടക സർക്കാർ.
സംസ്ഥാനത്ത് നായ, പാമ്പ് എന്നിവയുടെ കടിയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് (KPME) നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയത്. മൃഗങ്ങളുടെ കടിയേറ്റെത്തുന്ന രോഗികൾക്ക് ഉടനടി സ്വകാര്യ ആശുപത്രികളിൽ പോലും സൗജന്യമായി അടിയന്തര ചികിത്സ നൽകണം. റാബീസ് വാക്സിൻ, പാമ്പുകടിയേറ്റവർക്കുള്ള ആന്റിവെനം എന്നിവയുടെ ലഭ്യത ആശുപത്രികൾ ഉറപ്പുവരുത്തണം.
Also Read : മെനോപോസ് സംഭവിക്കുന്ന ആണുങ്ങൾ!! പുരുഷൻമാരിലെ ആർത്തവവിരാമം
സംസ്ഥാനത്തെ പൊതു-സ്വകാര്യ മേഖലകളിലെ വനിതാ ജീവനക്കാർക്കായി ശമ്പളത്തോടുകൂടിയ ആർത്തവ അവധി നിർബന്ധമാക്കിയാണ് കർണാടക മറ്റൊരു ശ്രദ്ധേയമായ തീരുമാനമെടുത്തത്. സംസ്ഥാനത്തെ എല്ലാ ഔപചാരിക മേഖലകളിലെയും വനിതാ ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസം എന്ന കണക്കിൽ വർഷത്തിൽ മൊത്തം 12 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്.
ഐ.ടി സ്ഥാപനങ്ങൾ, വസ്ത്രനിർമ്മാണശാലകൾ തുടങ്ങി സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും ഇത് ബാധകമാകും. സ്വകാര്യ മേഖലയിൽ ഉൾപ്പെടെ ഇത്രയും സമഗ്രമായ ഒരു ആർത്തവ അവധി നയം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കർണാടക. ഈ രണ്ട് നീക്കങ്ങളിലൂടെയും, സാമൂഹിക സുരക്ഷയ്ക്കും ലിംഗസമത്വത്തിനും പ്രാധാന്യം നൽകുന്ന ഒരു പുരോഗമന ഭരണകൂടം എന്ന നിലയിൽ കർണാടക സർക്കാർ ശ്രദ്ധ നേടുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here