പോക്സോ കേസിൽ മഠാധിപതി കുറ്റവിമുക്തൻ; മൂന്ന് വർഷത്തെ പീഡനാരോപണം തെളിയിക്കാനായില്ല

ബെംഗളൂരു ചിത്രാദുർഗ്ഗയിലെ ശ്രീ മുരുഘ മഠാധിപതിയായ ശിവമൂർത്തി മുരുഘ ശരണരുവിനെതിരായ രണ്ട് കേസുകളിൽ ഒന്നിൽ കോടതി കുറ്റവിമുക്തനാക്കി. മഠത്തിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണം.
കർണാടകയിലെ സെഷൻസ് കോടതിയാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്. പോക്‌സോ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റവിമുക്തനാക്കിയത്. ശിവമൂർത്തി മുരുഘ ശരണരു കർണാടകയിലെ ഏറ്റവും ശക്തമായ മഠത്തിലെ പ്രമുഖ ലിംഗായത്ത് മഠാധിപതിയാണ്. 2022 ഓഗസ്റ്റിൽ, മഠം നടത്തുന്ന സ്കൂളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ് മഠാധിപതി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മൈസൂരു ആസ്ഥാനമായുള്ള ‘ഓടനടി സേവാ സംസ്ഥെ’ എന്ന എൻജിഒയ്ക്ക് മുന്നിൽ മൊഴി നൽകിയത്. ഈ എൻജിഒ, വിവരം ജില്ലാ ശിശുക്ഷേമ സമിതിയെ അറിയിച്ചു. 2022 ഓഗസ്റ്റ് 26ന് മൈസൂരുവിലെ നസ്രാബാദ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പിറ്റേന്ന് ചിത്രാദുർഗ്ഗയിലേക്ക് മാറ്റുകയും ചെയ്തു.
2019 നും 2022 നും ഇടയിൽ ഹോസ്റ്റലിൽ താമസിക്കുമ്പോൾ തന്റെ പെൺമക്കളെയും മറ്റ് രണ്ട് പെൺകുട്ടികളെയും മഠാധിപതി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കുട്ടികളുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാമതൊരു പോക്സോ കേസും രജിസ്റ്റർ ചെയ്തു. 2022 സെപ്റ്റംബർ 1ന് ഇയാൾ അറസ്റ്റിലായി. 14 മാസത്തെ ജയിൽവാസത്തിന് ശേഷം 2023 നവംബറിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു.
എന്നാൽ, രണ്ടാമത്തെ കേസുമായി ബന്ധപ്പെട്ട് നവംബർ 20ന് ഇയാൾ വീണ്ടും അറസ്റ്റിലായി. മൂന്ന് വർഷമായി തങ്ങളെ തുടർച്ചയായി ലൈംഗികമായി ഉപദ്രവിച്ചു എന്നുള്ള പെൺകുട്ടികളുടെ ആരോപണം മെഡിക്കൽ പരിശോധന ഫലങ്ങളിൽ തെളിയിക്കാൻ കഴിഞ്ഞില്ല. മഠാധിപതിയെ കുറ്റവിമുക്തനാക്കിയ ഈ വിധി കർണാടക രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here