കരൂർ ദുരന്തം! നടൻ വിജയ് നാളെ സിബിഐക്ക് മുന്നിൽ ഹാജരാകും

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയ് നാളെ ഡൽഹി സിബിഐ ആസ്ഥാനത്ത് ഹാജരാകും. കഴിഞ്ഞ വർഷം കരൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് സിബിഐ താരത്തെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുന്നത്.
2025 സെപ്റ്റംബർ 27ന് കരൂർ ഈറോഡ് ഹൈവേയിലെ വേലുസ്വാമിപുരത്ത് വിജയിയുടെ രാഷ്ട്രീയ റാലിക്കിടെയാണ് തിക്കും തിരക്കും ഉണ്ടായത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 41 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റു. വിജയിയുടെ വാഹനം ഏഴ് മണിക്കൂർ വൈകിയെത്തിയതിനെ തുടർന്ന് താരത്തെ കാണാൻ ആരാധകർ കൂട്ടമായി ഇരച്ചുകയറിയത് അപകടത്തിന് കാരണമായി. കനത്ത ചൂടും നിർജ്ജലീകരണവും ആൾക്കൂട്ട നിയന്ത്രണത്തിലെ പാളിച്ചകളും സ്ഥിതി വഷളാക്കി.
ഒക്ടോബറിൽ സുപ്രീം കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിജയിയുടെ പ്രചാരണ വാഹനം സിബിഐ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനോടകം തന്നെ പാർട്ടിയുടെ മറ്റ് പ്രധാന നേതാക്കളെ സിബിഐ ചോദ്യം ചെയ്ത് കഴിഞ്ഞു.
തമിഴ്നാട് സർക്കാർ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. വിജയിയുടെ പാർട്ടിയായ ടിവികെ 20 ലക്ഷം രൂപ വീതം ഇരകളുടെ കുടുംബങ്ങൾക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ടിവികെയുടെ വാദം. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പാർട്ടി സിബിഐക്ക് കൈമാറിയിട്ടുണ്ട്. ഇനി എന്ത് സംഭവിക്കും എന്നറിയാൻ നാളത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here