സിപിഎമ്മിന്റെ തലയ്ക്ക് മുകളിലെ വാളായി കരുവന്നൂര്‍; പണ്ട് പറഞ്ഞ ‘സാമ്പത്തിക ജാഗ്രത’ ഇപ്പോഴില്ലേ… ചരിത്രം തിരിഞ്ഞു കുത്തുമ്പോള്‍

കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയില്‍ സിപിഎം എന്ന പാര്‍ട്ടി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍ സിപിഎം പാര്‍ട്ടിയും പ്രതിയാണ്. ഒപ്പം ഒരു കേന്ദ്ര കമ്മറ്റി അംഗവും രണ്ട് സംസ്ഥാന കമ്മറ്റി അംഗങ്ങളും പ്രതിപ്പട്ടികയിലുണ്ട്. നിസാര സാമ്പത്തിക തിരിമറികളുടെ പേരില്‍ പല പ്രമുഖ നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പാരമ്പര്യമുള്ള രാഷ്ടീയ പ്രസ്ഥാനമാണ് സിപിഎം. ഇന്നിതാ ആ പാര്‍ട്ടി ഒന്നടങ്കം അഴിമതിയുടെ കുരുക്കില്‍പെട്ട് ഉഴലുകയാണ്.
ALSO READ: സിപിഎമ്മിനെ ഇഡി മണിച്ചിത്രത്താഴിട്ട് പൂട്ടി; വേണമെങ്കിൽ എകെജി സെൻ്റർ വരെ കണ്ടുകെട്ടാം!!
കരുവന്നൂര്‍ കേസില്‍ കേന്ദ്ര കമ്മറ്റി അംഗം കെ രാധാകൃഷ്ണന്‍ എംപി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസി മൊയ്തീന്‍ എംഎല്‍എ, എംഎം വര്‍ഗീസ് എന്നിവരെ കൂടാതെ വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ മധു, അമ്പലപുരം പൊറത്തുശ്ശേരി നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി എആര്‍ പീതാംബരന്‍, ലോക്കല്‍ സെക്രട്ടറിമാരായ എംബി രാജു, കെസി പ്രേമരാജന്‍ എന്നിവരാണ് പ്രതികളായ സിപിഎമ്മുകാര്‍. കോടികളുടെ ബിനാമി ഇടപാടുകളില്‍ ഇവര്‍ക്കെല്ലാം പങ്കാളിത്തം ഉണ്ടെന്നാണ് ഇഡിയുടെ കുറ്റപത്രത്തിലുള്ളത്.
പാര്‍ട്ടിയിലെ പ്രബലരുടെ അപ്രിയത്തിന് പാത്രമായിട്ടുള്ള നേതാക്കളെ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം ഉന്നയിച്ച് പുറത്താക്കുന്ന പതിവുണ്ടായിരുന്നു സിപിഎമ്മില്‍. പിന്നീട് പാര്‍ട്ടിയിലെ നേതാക്കള്‍ക്കും മക്കള്‍ക്കുമെതിരെ സാമ്പത്തിക ആരോപണങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ നിരനിരയായി നിന്ന് ന്യായീകരിക്കുന്ന നിലയിലേക്ക് മാറി.
കരുവന്നൂര്‍ ബാങ്കില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സമ്മതിക്കുന്ന പാര്‍ട്ടി പക്ഷേ, നേതാക്കളെ വെള്ളപൂശാനാണ് ശ്രമിക്കുന്നത്. അഴിമതിക്കാരെ പുറത്തു കൊണ്ടുവരാനും ബാങ്കിന്റെ പ്രവര്‍ത്തനം പുന:സ്ഥാപിച്ച് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനും സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ് സിപിഎം നേതാക്കൾ എന്നാണ് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. ഇത്തരത്തില്‍ അഴിമതിക്കെതിരെ പോരാടുന്നു എന്ന് അവകാശപ്പെടുന്ന പാര്‍ട്ടി തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 68-ാം പ്രതിയാണ്.
ALSO READ: കരുവന്നൂരില്‍ സിപിഎം പ്രതി; കെ രാധാകൃഷ്ണനും എസി മൊയ്തീനും പട്ടികയില്‍; കുറ്റപത്രം സമര്‍പ്പിച്ചു
സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കാത്തതിന്റെ പേരിലാണ് സിപിഎമ്മിന്റെ സമുന്നത നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന കെ ചാത്തുണ്ണി മാസ്റ്ററെ 40 വര്‍ഷം മുമ്പ് പുറത്താക്കിയത്. 1967, 70 വര്‍ഷങ്ങളില്‍ ബേപ്പൂരില്‍ നിന്ന് നിയമസഭയിലേക്കും 1979ല്‍ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട സമുന്നത നേതാവായിരുന്നു ചാത്തുണ്ണി മാസ്റ്റര്‍. അടിയന്തരാവസ്ഥക്കാലത്ത് ഇടതു മുന്നണി കണ്‍വീനര്‍, ദേശാഭിമാനി, ചിന്ത പത്രാധിപര്‍, ദീര്‍ഘകാലം സിപിഎം സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പാര്‍ട്ടിയില്‍ ഉന്നത പദവികള്‍ വഹിച്ച ചാത്തുണ്ണി മാസ്റ്ററെ പോലെയുള്ളവരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് നടപടിയെടുത്ത് പുറത്താക്കിയ പാര്‍ട്ടിയാണ് ഇപ്പോൾ കള്ളപ്പണ വെളുപ്പിക്കല്‍ കേസിലെ പ്രതികള്‍ക്കായി പ്രതിരോധം തീര്‍ക്കുന്നത്. 1985 ജൂണ്‍ 24ന് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ ‘ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കി’ എന്നൊരു തലക്കെട്ടില്‍ വന്ന വാർത്ത ഇങ്ങനെ ആയിരുന്നു.
“ചാത്തുണ്ണി മാസ്റ്റര്‍ സാമ്പത്തിക ഇടപാടുകളില്‍ സത്യസന്ധത പാലിക്കാതിരിക്കുകയും തന്മൂലം അദ്ദേഹത്തെപ്പറ്റി പാര്‍ട്ടി മെമ്പര്‍മാരുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവിശ്വാസവും അവമതിപ്പും സൃഷ്ടിക്കുകയും ചെയ്തതിനും പാര്‍ട്ടി നയത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും കമ്മ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി മെമ്പറായ കെ ചാത്തുണ്ണി മാസ്റ്ററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു”.

പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്ന ജനശക്തി ഫിലിംസിന്റെ ഒരുലക്ഷം രൂപയും കിസാന്‍ സഭയുടെ ഫണ്ടും വെട്ടിച്ചു എന്നായിരുന്നു കുറ്റപത്രം. ചതിപ്രയോഗത്തിലൂടെ ആണ് ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കിയതെന്ന ആക്ഷേപം അക്കാലത്ത് ഉയര്‍ന്നിരുന്നു. വിഎസ് അച്യുതാനന്ദനാണ് പുറത്താക്കലിന് ചരട് വലിച്ചതെന്നാണ് പറയപ്പെടുന്നത്. ഒപ്പം ഇഎംഎസ്സിന്റ താല്പര്യവും ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ 45 വര്‍ഷം നിര്‍ണായക പങ്ക് വഹിച്ച നേതാവിനെ സാമ്പത്തിക ഇടപാടിൻ്റെ പേരില്‍ ഈവിധം പുറത്താക്കിയത്.
നടപടിയുടെ വിവരം ദേശാഭിമാനി പത്രം വായിച്ചിട്ടാണ് അറിഞ്ഞതെന്ന് ചാത്തുണ്ണി മാസ്റ്റര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ രാജ്യസഭാംഗവും ബംഗാളില്‍ നിന്നുള്ള യുവ നേതാവുമായിരുന്ന ഋതബൃത ബാനര്‍ജി ആഡംബര ജീവിതം നയിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് 2018ൽ പാര്‍ട്ടി പുറത്താക്കിയത്. സിപിഎം സംസ്ഥാന കമ്മറ്റി അംഗവും മുന്‍ രാജ്യസഭാംഗവും ആയിരുന്ന സിപി നാരായണനെ സഹോദരന്‍ ഇടപെട്ട വിസ തട്ടിപ്പുകേസില്‍ ജാഗ്രത പാലിച്ചില്ലെന്ന് പറഞ്ഞാണ് സംസ്ഥാന കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here