സിപിഎമ്മിനെ ഇഡി മണിച്ചിത്രത്താഴിട്ട് പൂട്ടി; വേണമെങ്കിൽ എകെജി സെൻ്റർ വരെ കണ്ടുകെട്ടാം!!

ഇഡി വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കിയ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, രണ്ടാം തവണ മറ്റൊരു രാഷ്ടീയ പാര്‍ട്ടിയെ കൂടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ (The Prevention of Money Laundering Act, 2002 -PMLA ) പ്രതിയാക്കി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതിയാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

ആം ആദ്മി പാര്‍ട്ടിയെ അഴിമതിക്കേസില്‍ പ്രതിയാക്കിയപ്പോള്‍ അത് രാജ്യത്തെ ആദ്യ സംഭവമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അഴിമതി കേസില്‍ പ്രതിചേര്‍ത്ത് അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത് നിയമവൃത്തങ്ങളില്‍ തന്നെ വലിയ ചർച്ചയായതാണ്. ഇപ്പോള്‍ സിപിഎമ്മിനെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഇഡി രാഷ്ട്രീയ പാര്‍ട്ടികളെ മുള്‍മുനയില്‍ നിർത്തുകയാണ്.

Also Read: കരുവന്നൂര്‍ മറന്ന് സുരേഷ് ഗോപി; പദയാത്ര നടത്തി പറഞ്ഞതൊന്നും ഇപ്പോള്‍ മിണ്ടുന്നില്ല; ആയുധമാക്കാന്‍ കോണ്‍ഗ്രസ്; മിണ്ടാതിരുന്ന് സിപിഎം

കേരളം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതെന്നാണ് ഇഡി, എറണാകുളം പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഇതിലാണ് സിപിഎമ്മിനേയും, തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ മന്ത്രി എസി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി എന്നിവരെയും പ്രതി ചേര്‍ത്തത്. സിപിഎം പാര്‍ട്ടി കേസിലെ 68-ാം പ്രതിയാണ്. ഈ പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇഡി ആരോപിക്കുന്നത്. 128 കോടി രൂപ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയിരുന്നു.

Also Read: കേരളത്തിലെ 12 സഹകരണ ബാങ്കുകളില്‍ കരുവന്നൂര്‍ മാതൃകയില്‍ ക്രമക്കേട്; ധനമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി ഇഡി

കഴിഞ്ഞ വര്‍ഷം മെയ് 17നാണ് ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പടെയുള്ള നേതാക്കളേയും എഎപിയേയും കള്ളപ്പണം വെളുപ്പിക്കല്‍ പ്രതിചേര്‍ത്തത്. ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലായിരുന്നു ഈ അസാധാരണ നടപടി. അഴിമതിയിലൂടെ ലഭിച്ച പണം ആം ആദ്മി പാര്‍ട്ടി ഗോവ തിരഞ്ഞെടുപ്പിൽ അടക്കം ഉപയോഗിച്ചതായാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിച്ചത്.

Also Read: കരുവന്നൂര്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാമെന്ന് ഇഡി; കണ്ടുകെട്ടിയ തുക ഇതിനായി ഉപയോഗിക്കാമെന്ന് സത്യവാങ്മൂലം; നടപടി മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ

ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കിയതിനെതിരെ ശക്തമായ വാദങ്ങളാണ് സുപ്രീം കോടതിയില്‍ ഉയര്‍ന്നത്. അഴിമതിയിലൂടെ ലഭിച്ച പണം രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ എഎപി തിരഞ്ഞെടുപ്പില്‍ ചെലവാക്കി എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പിഎംഎല്‍എ ആക്ട് സെക്ഷന്‍ 70 പ്രകാരമാണ് രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ കേസെടുത്ത് എന്നാണ് ഇഡി വാദിച്ചത്. അഴിമതിക്കെതിരെ പോരാട്ടം നടത്തി രൂപംകൊണ്ട ആം ആദ്മി, അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണതിന് സമാനമായ ദുരന്തമാണ് സിപിഎമ്മും നേരിടുന്നത്.

Also Read: യുഡിഎഫിനും എല്‍ഡിഎഫിനും ഭീകരസംഘടനകളുടെ പിന്തുണയെന്ന് അമിത് ഷാ; മോദിയുള്ളപ്പോള്‍ പിഎഫ്ഐ പ്രവര്‍ത്തനം നടക്കില്ല; കരുവന്നൂര്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കും

സാധാരണഗതിയില്‍ നേതാക്കളാണ് അഴിമതിക്കേസുകളില്‍ പ്രതിയാക്കപ്പെടുന്നത്. എന്നാൽ പാർട്ടികളെ തന്നെ അഴിമതിക്കേസില്‍ കുരുക്കിയതോടെ പ്രതിഛായ അപ്പാടെ തകര്‍ക്കുന്നതിനൊപ്പം അവരുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കാനും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആപ്പിനെ തൂത്തെറിയാന്‍ ബിജെപിക്ക് കഴിഞ്ഞു. കള്ളപ്പണക്കേസില്‍ പ്രതിയായത് വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ പ്രതിഛായാനഷ്ടം ഉണ്ടാക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ട്.

Also Read: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ തൃശൂര്‍ ജില്ലാസെക്രട്ടറിയും പ്രതിയാകും; രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം

അഴിമതി കേസില്‍ പ്രതിയാക്കപ്പെട്ടതോടെ വലിയ പ്രത്യാഘാതങ്ങളാണ് ദേശീയ പാര്‍ട്ടികളായ സിപിഎമ്മിനും ആം ആദ്മി പാര്‍ട്ടിക്കും നേരിടേണ്ടി വരികയെന്നാണ് നിയമജ്ഞരുടെ നിലപാട്. ഇരു പാര്‍ട്ടികളുടേയും അംഗീകാരം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് രേഖാമൂലം ആവശ്യപ്പെടാന്‍ ഇനി ഇഡിയ്ക്ക് കഴിയും. ഇരു പാര്‍ട്ടികളുടേയും സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളിലേക്കുള്ള വഴിയും ഇതോടെ ഇഡിയ്ക്ക് മുന്നില്‍ തുറന്നിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top