കരുവന്നൂർ ബാങ്ക് കൊള്ള സിപിഎമ്മിന് തിരിച്ചടിയായി; 25 വർഷത്തിന് ശേഷം ഇരിങ്ങാലക്കുടയിൽ യുഡിഎഫ് ഭരണത്തിലേക്ക്

നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ അടിച്ചുമാറ്റിയ കരുവന്നൂർ സഹകരണ ബാങ്ക് നിലനിൽക്കുന്ന ഇരിങ്ങാലക്കുട നഗരസഭ 25 വർഷത്തിനു ശേഷം യുഡിഎഫ് പിടിച്ചെടുത്തത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. 43 അംഗ നഗരസഭയിൽ 22 സീറ്റ് നേടി കോൺഗ്രസ് കരുത്ത് തെളിയിച്ചു. ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് ജയിലിൽ കിടന്ന പി ആർ അരവിന്ദാക്ഷനും ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനറുമായ ആർ എൽ ശ്രീലാലും തോറ്റു. എൽഡിഎഫിന് 13ഉം എൻഡിഎയ്ക്ക് 6 സീറ്റും കിട്ടി. രണ്ട് കോൺഗ്രസ് വിമതരും ജയിച്ചു കയറി.
Also Read : സുരേഷ് ഗോപിയുടെ അഹങ്കാരത്തിന് വീണ്ടും ചെക്ക് വച്ച് സിപിഎം; ആനന്ദവല്ലിക്ക് 10,000 രൂപ നൽകി കരുവന്നൂർ ബാങ്ക്
കരുവന്നൂർ ബാങ്കിലെ 334 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ 15ആം പ്രതിയായിരുന്നു അരവിന്ദാക്ഷൻ. 2015ലും 2020ലും അരവിന്ദാക്ഷൻ കൗൺസിലറായിരുന്നു. അദ്ദേഹം കഴിഞ്ഞ കൗൺസിലിൽ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. ഇത്തവണ നഗരസഭയിലെ 24 വാർഡ് മംഗലം സൗത്തിൽ നിന്നാണ് മത്സരിച്ചത്. കോൺഗ്രസിലെ സണ്ണി പൂത്തുക്കരയാണ് ഇദ്ദേഹത്തെ പരാജയപ്പെടുത്തിയത്. കരുവന്നൂർ കേസിൽ ആദ്യം അറസ്റ്റിലായ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷൻ. 14 മാസത്തോളം ജയിലിൽ കിടന്നു. തട്ടിപ്പു നടത്തി ജയിലിലായ വ്യക്തിയെ തന്നെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ പാർട്ടി തീരുമാനത്തിന് ജനങ്ങൾ തിരിച്ചടി നൽകി.
കരുവന്നൂർ ബാങ്ക് കൊള്ളയെക്കുറിച്ചുള്ള വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് സിപിഎം ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിച്ചത്. ഈ കമ്മറ്റിയുടെ കൺവീനറായി ഡിവൈഎഫ് ഐ ജില്ലാ പ്രസിഡൻ്റ് ആർ എൽ ശ്രീലാലിനെ പാർട്ടി നിയമിച്ചു.ഇയാൾ മത്സരിച്ച മാടായിക്കോണം വാർഡും നഷ്ടമായി. ബാങ്ക് കൊള്ളയായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം. ലോക്സഭ തിരഞ്ഞെടുപ്പുകാലത്ത് എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി ബാങ്ക് കൊള്ള വലിയ ചർച്ചാ വിഷയമാക്കി തൃശൂരിലേക്ക് ജാഥ നടത്തിയിരുന്നു.പക്ഷേ, ഇരിങ്ങാലക്കുട നഗര സഭയിൽ ബിജെപിക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here