കരുവന്നൂരില്‍ സിപിഎം പ്രതി; കെ രാധാകൃഷ്ണനും എസി മൊയ്തീനും പട്ടികയില്‍; കുറ്റപത്രം സമര്‍പ്പിച്ചു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി. സിപിഎമ്മിനേയും മുതിര്‍ന്ന നേതാക്കളേയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. പ്രതികളില്‍ നിന്ന് 128 കോടി രൂപ കണ്ടുകെട്ടിയതായും കുറ്റപത്രത്തില്‍ പറയുന്നു. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ നിര്‍മ്മല്‍ കുമാര്‍ മോഷ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ 83പേരാണ് പ്രതികള്‍. അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. എസി മൊയ്തീന്‍ എംഎല്‍എ, തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, കെ രാധാകൃഷ്ണന്‍ എംപി, വടകഞ്ചേരി നഗരസഭ അംഗം മധു അമ്പലപ്പുറം എന്നിവരാണ് പ്രതിപട്ടികയിലുള്ള സിപിഎം നേതാക്കള്‍. തട്ടിപ്പ് നടത്തി പ്രതികള്‍ 180 കോടി സമ്പാദിച്ചു എന്നാണ് ഇഡി പറഞ്ഞിരിക്കുന്നത്.
കുറ്റപത്രത്തിലെ 68-ാം പ്രതിയാണ് സിപിഎം. കെ രാധാകൃഷ്ണന്‍ 70-ാം പ്രതിയും എസി മൊയ്തീന്‍ 67-ാം പ്രതിയും എംഎം വര്‍ഗീസ് 69-ാം പ്രതിയുമാണ്. മധു അമ്പലപുരം 64-ാം പ്രതിയുമാണ്. നേതാക്കള്‍ക്കൊപ്പം പാര്‍ട്ടിയെ തന്നെ പ്രതിപട്ടികയിലുള്ളത് സിപിഎമ്മില്‍ ആശങ്ക ആകുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here