പാദപൂജ വേണ്ട; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

സ്‌കൂൾ വിദ്യാർഥികളെ കൊണ്ട് അധ്യാപികർക്ക് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടേയും പരാതികളുടേയും അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷന്‍, ബേക്കൽ പൊലീസിനോട് അടിയന്തരമായി റിപ്പോർട്ട് സമർ പ്പിക്കാന്‍ നിർദേശിച്ചു.
കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ പാദപൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് കാസർഗോഡ് തന്നെയുള്ള തൃക്കരിപ്പൂർ ചക്രപാണി സ്‌കൂൾ, ചീമേനി വിവേകാനന്ദ സ്‌കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം എന്നിവിടങ്ങളിലും സമാനമായി പാദപൂജ നടന്നെന്ന വിവരം പുറത്തുവന്നത്.
സ്കൂളിലെ വിദ്യാർഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തി കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിപ്പിക്കുകയായിരുന്നു. വിദ്യാലയത്തിൻ്റെ പരിധിയിലുള്ള വിരമിച്ച മുപ്പത് അധ്യാപകരുടെ പാദ പൂജയാണ് ചെയ്യിച്ചത്. ഗുരുപൂർണ്ണിമ എന്ന പേരിലാണ് പാദപൂജ ആചാരം നടന്നത്. വ്യാഴാഴ്ച രാവിലെ വ്യാസ ജയന്തി ദിനത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതി ആദരിക്കുന്നതിൻ്റെ ഭാഗമായിരുന്നു ചടങ്ങ്.
കണ്ണൂരിലെയും ആലപ്പുഴ മാവേലിക്കര സ്‌കൂളുകളിലും പാദപൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗുരുവന്ദനത്തിന്‍റെ ഭാഗമായി കുട്ടികൾ അനുഗ്രഹം വാങ്ങിക്കുക മാത്രമാണ് ചെയ്തത് എന്നാണ് സ്‌കൂളുകളുടെ വിശദീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here