മാധ്യമസ്ഥാപനമോ ആയുധപ്പുരയോ? പ്രമുഖ പത്രത്തിൻ്റെ ഓഫീസിൽ കണ്ടെത്തിയത് ഞെട്ടിക്കുന്നത്

പ്രമുഖ ദിനപത്രമായ കശ്മീർ ടൈംസിൻ്റെ ഓഫീസിൽ നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന ആയുധശേഖരം കണ്ടെത്തിയത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ചാണ് ജമ്മു കശ്മീർ പൊലീസിൻ്റെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (SIA) ജമ്മുവിലെ ഓഫീസിൽ റെയ്ഡ് നടത്തിയത്. എകെ 47 തോക്കുകളുടെ കാട്രിഡ്ജുകൾ, പിസ്റ്റൾ റൗണ്ടുകൾ, മൂന്ന് ഗ്രനേഡ് ലിവറുകൾ എന്നിവ കണ്ടെടുത്തതായാണ് വിവരം.
കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. രാജ്യത്തിനെതിരെ വെറുപ്പ് പരത്തുക, വിഘടനവാദത്തെ പിന്തുണയ്ക്കുക, ഇന്ത്യയുടെ അധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുക എന്നീ വലിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാകുന്ന രീതിയിലുള്ള അവരുടെ ബന്ധങ്ങളും പ്രവർത്തനങ്ങളും പരിശോധിക്കുകയാണ് അന്വേഷണത്തിൻ്റെ പ്രധാന ലക്ഷ്യമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്ന് രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. എന്നാൽ, റെയ്ഡിനോട് അനുബന്ധിച്ച് കശ്മീർ ടൈംസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രമുഖ മാധ്യമപ്രവർത്തകനായ വേദ് ഭാസിൻ 1954ൽ സ്ഥാപിച്ച കശ്മീർ ടൈംസ്, ജമ്മു കശ്മീരിലെ ഏറ്റവും പഴക്കമേറിയതും ശ്രദ്ധേയവുമായ പത്രങ്ങളിൽ ഒന്നാണ്. ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരിച്ച കശ്മീർ ടൈംസ് 1964ലാണ് ദിനപത്രമായി മാറിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here