കവളപ്പാറ പുനരധിവാസം നിലമ്പൂരിൽ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് നീക്കം; മറുപടിക്ക് അന്‍വര്‍ വിയര്‍ക്കും; സിപിഎമ്മിനും തലവേദന

പ്രകൃതിക്ഷോഭം തകർത്തെറിഞ്ഞ കവളപ്പാറയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്താൻ എംഎല്‍എ ആയിരുന്ന പിവി അന്‍വറിന് കഴിഞ്ഞോ എന്നത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകും. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വര്‍ഷാവര്‍ഷം ആദരാജ്ഞലി അര്‍പ്പിച്ചതല്ലാതെ ഇടത് സര്‍ക്കാരും അന്‍വറും വല്ലതും ചെയ്‌തോ എന്ന് ചോദിച്ചാല്‍ ഉത്തരം അത്ര സുഖകരമല്ല എന്നാണ് നാട്ടുകാരുടെ മറുപടി.
2019 ആഗസ്റ്റ് എട്ടിനാണ് നിലമ്പൂര്‍ മണ്ഡലത്തിലെ ഈ മലയോരത്തെ ഉരുളിൻ്റെയും പ്രളയത്തിന്റെയും രൂപത്തില്‍ ദുരന്തം വിഴുങ്ങിയത്. കവളപ്പാറ മുത്തപ്പന്‍കുന്നിൽ 45 വീടുകള്‍ മണ്ണിനടിയിലായി. രാത്രിയുണ്ടായ ദുരന്തത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ പോലുമാകാതെ 59 ജീവനുകള്‍ മണ്ണിലടിഞ്ഞു. വിണ്ടുകീറിയ ഭൂമിയുടെ മാര്‍ത്തട്ടില്‍ ഒറ്റപ്പെട്ടു പോയവരെ ചേര്‍ത്തു പിടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ആക്ഷേപം വ്യാപകമാണ്.
Also Read: 9 രാജി ഒന്നിച്ച് കണ്ട പതിനൊന്നാം നിയമസഭ!! എല്‍എമാരുടെ രാജി ചരിത്രം, കോസല രാമദാസ് മുതൽ അൻവർ വരെ
20 ദിവസത്തോളം തിരഞ്ഞിട്ടും 48 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. 11 പേര്‍ മുത്തപ്പന്‍കുന്നിന്റെ മടിത്തട്ടില്‍ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുകയാണ്. ഒരു കുടുംബത്തിലെ തന്നെ നാലും അഞ്ചും പേർ ദുരന്തത്തിൽപെട്ടു. മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും, സ്വന്തമായി ഉണ്ടായിരുന്ന മണ്ണും കാലങ്ങളായി അധ്വാനിച്ച് ഉണ്ടാക്കിയവയും എല്ലാം മണ്ണിനടിയില്‍ പുതഞ്ഞപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയത് കുറച്ചുപേര്‍ക്ക് മാത്രം.
ഉരുള്‍പൊട്ടലില്‍ 28 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മൊത്തം 128 വീടുകളാണ് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് തകരുകയോ താമസയോഗ്യം അല്ലാതായി തീരുകയോ ചെയ്തത്. 600ലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വാഗ്ദാനമുണ്ടായി. എന്നാൽ 100ല്‍ താഴെ വീടുകൾ മാത്രമാണ് നിര്‍മ്മിക്കപ്പെട്ടത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി 32 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. സര്‍ക്കാരിനൊപ്പം മുസ്ലീം ലീഗ് പാർട്ടിയും വീടുകള്‍ നിര്‍മ്മിച്ചു നല്‍കി.
റീ ബില്‍ഡ് നിലമ്പൂര്‍ പദ്ധതി ഇപ്പോഴും കടലാസിലാണ്. പുനരധിവാസം സംബന്ധിച്ച് കേസുകള്‍ പല കോടതികളിലായി ഉണ്ട്. പുനരധിവാസത്തിൽ എംഎല്‍എയും സര്‍ക്കാരും കാര്യമായ ഇടപെടല്‍ നടത്തിയില്ല എന്ന ആക്ഷേപം ചര്‍ച്ചയാക്കാനാണ് യുഡിഎഫ് നീക്കം. പിവി അൻവറിനെ കൂടെ കൂട്ടേണ്ടതില്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ ഇത്തരം വിഷയങ്ങളും, നിലമ്പൂരിലെ 9 വർഷത്തെ എന്തു പോരായ്മയും ചർച്ച ചെയ്യാമെന്ന അവസ്ഥയിലെത്തി യുഡിഎഫ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here