അന്റാർട്ടിക്കയുടെ മുകളിൽ ഇന്ത്യൻ ത്രിവർണ്ണ പതാക! കൊടുമുടി കീഴടക്കി 40കാരി

ഇന്ത്യൻ പർവതാരോഹണ ചരിത്രത്തിൽ തൻ്റെ പേര് സുവർണ്ണ ലിപികളിൽ എഴുതിച്ചേർതിരിക്കുകയാണ് ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയായ കവിത ചന്ദ്. ലോകത്തിലെ ഏറ്റവും ദുർഘടമായ കൊടുമുടികളിൽ ഒന്നായ അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ വിജയകരമായി കീഴടക്കിയാണ് അവർ ചരിത്രം കുറിച്ചത്.
4,892 മീറ്റർ (16,050 അടി) ഉയരമുള്ള ഈ കൊടുമുടിയാണ് 40കാരിയായ കവിത കീഴടക്കിയത്. ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കീഴടക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രശസ്തമായ ‘സെവൻ സമ്മിറ്റ്‌സ്’ (Seven Summits) ദൗത്യത്തിലെ പ്രധാന നാഴികക്കല്ലാണ് കവിത ഈ വിജയത്തിലൂടെ പിന്നിട്ടിരിക്കുന്നത്. ഇതിനുമുമ്പ് യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസും കവിത കീഴടക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പർവതങ്ങളിൽ ഒന്നായാണ് മൗണ്ട് വിൻസൺ കണക്കാക്കപ്പെടുന്നത്. വഴിയേ ബുദ്ധിമുട്ടുള്ള കാലാവസ്ഥയും അതിശക്തമായ തണുപ്പും വകവയ്ക്കാതെയാണ് കവിത ലക്ഷ്യം കൈവരിച്ചത്. ഡിസംബർ 3ന് ഇന്ത്യയിൽ നിന്ന് യാത്ര തിരിച്ച കവിത, ചിലിയിലെ പുന്താ അരീനാസിലെത്തി, അവിടെ നിന്ന് ഡിസംബർ 7ന് ഏകദേശം 2,100 മീറ്റർ ഉയരത്തിലുള്ള വിൻസൺ ബേസ് ക്യാമ്പിൽ എത്തിച്ചേർന്നു. പ്രശസ്ത ഗൈഡായ മിങ്മ ഡേവിഡ് ഷെർപ്പയുടെ നേതൃത്വത്തിൽ, ഒൻപത് പേരുള്ള ഇന്ത്യൻ ടീമാണ് ഈ സാഹസിക യാത്ര പൂർത്തിയാക്കിയത്.
കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് കവിത പറഞ്ഞു. കവിത ഇപ്പോൾ ഫുൾടൈം ഫിറ്റ്നസ് താരമാണ്. മുൻ മാധ്യമപ്രവർത്തകയായ കവിത 2024ൽ ജോലി ഉപേക്ഷിച്ചാണ് ഫിറ്റ്നസ് രംഗത്തേക്ക് ഇറങ്ങിയത്. ജോലി ചെയ്യുന്നവർക്കും ലക്ഷ്യങ്ങളും ഫിറ്റ്നസും ഒപ്പം കൊണ്ടുപോകാൻ കഴിയുമെന്ന് തൻ്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കാൻ സാധിച്ചെന്നും അവർ പറഞ്ഞു. നിലവിൽ മുംബൈയിൽ താമസിക്കുന്ന കവിത, പർവതാരോഹണത്തിന് പുറമെ, മികച്ച മാരത്തൺ ഓട്ടക്കാരിയുമാണ്. എൻപിഎസ്‌ടിയുടെ സിഇഒയും സഹസ്ഥാപകനുമായ ദീപക് ചന്ദ് താക്കൂറാണ് അവരുടെ ഭർത്താവ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here