രാമൻ, വ്യാസൻ, മീൻ കാവ്യയുടെ നമ്പറുകൾ ദിലീപ് സേവ് ചെയ്തത് പല പേരുകളിൽ; പ്രോസിക്യൂഷൻ്റെ നിർണായക കണ്ടെത്തലുകൾ

കേരളത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസിൻ്റെ അന്തിമ വിധിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്. നടൻ ദിലീപും കാവ്യ മാധവനും തമ്മിലുണ്ടായിരുന്ന ബന്ധമാണ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകുന്നതിലേക്ക് ദിലീപിനെ നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിയ സുപ്രധാന വാദം.
കാവ്യയുമായുള്ള ബന്ധം ആദ്യഭാര്യയായ മഞ്ജു വാര്യരിൽ നിന്ന് മറച്ചുവെക്കാനാണ് ദിലീപ് ശ്രമിച്ചിരുന്നത്. ഇതിനായി കാവ്യയുടെ ഫോൺ നമ്പറുകൾ ദിലീപ് തൻ്റെ ഫോണിൽ പല പേരുകളിൽ സേവ് ചെയ്തിരുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ എന്നീ പേരുകളിലാണ് കാവ്യയുടെ ഫോൺ നമ്പറുകൾ ദിലീപ് സേവ് ചെയ്തിരുന്നത്. ദിലീപിൻറെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിൽ കാവ്യയുടെ നമ്പർ സേവ് ചെയ്തിരുന്നത് Dil Ka എന്ന പേരിലായിരുന്നു. 2012-ൽ തന്നെ മഞ്ജു വാര്യർ ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞിരുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ദിലീപിൻ്റെ ഫോണിൽ വന്ന ഒരു സന്ദേശത്തിലൂടെയാണ് മഞ്ജു ഇക്കാര്യം അറിയുന്നത്. വിവിധ പേരുകളിൽ വന്ന സന്ദേശങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് മഞ്ജു വാര്യർ, സുഹൃത്തുക്കളായ സംയുക്താ വർമ്മ, ഗീതു മോഹൻദാസ് എന്നിവരെ കാണുകയും ഫോൺ സന്ദേശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
Also Read : നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; ഞരമ്പ് അറുത്തത് വിധി പ്രഖ്യാപനം വരാനിരിക്കെ
പ്രോസിക്യൂഷൻ്റെ വാദങ്ങളെ ദിലീപിൻ്റെ അഭിഭാഷകൻ കോടതിയിൽ ശക്തമായി എതിർത്തു. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതിന് തെളിവില്ലെന്നും, പോലീസിൻ്റെ ആരോപണങ്ങൾ കെട്ടിച്ചമച്ച കഥകളാണെന്നും ദിലീപിൻ്റെ അഭിഭാഷകൻ വാദിച്ചു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യമില്ലായിരുന്നെന്നും, മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് നടിയല്ല കാരണമെന്നും പ്രതിഭാഗം കോടതിയിൽ അറിയിച്ചു.
2017 ഫെബ്രുവരി 17 രാത്രി 9 മണിക്കാണ് കൊച്ചിയിൽ ഓടുന്ന കാറിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. ദിലീപ് എട്ടാം പ്രതിയാണ്. വിചാരണയ്ക്കിടെ 28 സാക്ഷികളാണ് കേസിൽ കൂറുമാറിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here