പൊതു ഇടങ്ങളിൽ ഹിജാബും ബുർഖയും നിരോധിച്ച് ഖസാഖിസ്ഥാൻ; നിരോധനം സ്‌കൂളുകളിൽ ഹിജാബ് നിരോധിച്ചതിന് പിന്നാലെ..

മുഖം മറക്കുന്ന വസ്ത്രങ്ങൾ പൊതു ഇടങ്ങളിൽ ധരിക്കുന്നത് നിരോധിച്ച് ഖസാഖിസ്ഥാൻ. 70%ത്തോളം ഇസ്ലാം മത വിശ്വാസികൾ ഉള്ള രാജ്യത്ത് സർക്കാർ നടപ്പിലാക്കിയ നിയമത്തെക്കുറിച്ച് ആഗോള തലത്തിൽ ചർച്ചകൾ തുടരുകയാണ്. കഴിഞ്ഞ മാസമാണ് നിയമം പ്രാബല്യത്തിൽ വന്നത്. മുഖം മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങള്‍ക്ക് പകരം രാജ്യത്തിന്റെ പരമ്പരാഗതമായ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് വംശീയ സ്വത്വം ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ഖസാഖിസ്ഥാൻ പ്രസിഡന്റ് കസ്സിം ജോമാർട്ട് ടോക്കയേവിന്റെ നിലപാട്.

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കസാക്കിസ്ഥാനിലെ തെരുവുകളിൽ മുഖം മുഴുവൻ മറക്കുന്ന നിഖാബ് ധരിച്ച് നടക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്, രാജ്യത്തിന്റെ മത നിരപേക്ഷമായ നിലപാടിന്റെ മാറ്റമാണത് കാണിക്കുന്നത്, ഇത് രാജ്യത്തിന്റെ മതേതര പ്രതിച്ഛായയിൽ നിന്ന് വ്യത്യസ്തമാണ്. ടോക്കയേവ് പറഞ്ഞു.”

Also Read : ചന്ദനക്കുറിയും സിന്ദൂരവും ഒഴിവാക്കാത്തത് എന്തുകൊണ്ട്? മുംബൈ കോളേജിലെ ഹിജാബ് നിരോധനം സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഇസ്ലാം മത വിശ്വാസിയായ ടോക്കയേവ്, ഹജ്ജ് ,റമദാൻ നോമ്പ് ഉൾപ്പടെയുള്ള മത ആചാരങ്ങൾ കൃത്യമായി പിന്തുടരുന്നയാളാണ്. ഇതൊക്കെയാണെങ്കിലും, രാജ്യത്തിന്റെ നയങ്ങൾ മതേതരമായിരിക്കുമെന്ന നിലപാടാണ് ടോകയേവിന്. രാജ്യത്ത് വർദ്ധിച്ചുവരുന്ന മതമൗലികവാദവും സുരക്ഷാ ആശങ്കകളും കണക്കിലെടുത്താണ് പാർലമെന്റ് ഈ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുഖം കാണാന്‍ കഴിയാത്ത തരത്തില്‍ വസ്ത്രങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ധരിക്കരുതെന്നാണ് നിയമത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം ചികിത്സ ആവശ്യങ്ങള്‍, പ്രതികൂല കാലാവസ്ഥ, സാംസ്‌കാരിക പരിപാടികള്‍, കായിക മത്സരങ്ങള്‍ എന്നിവയ്ക്ക് ഇളവുകളുണ്ട്. മുഖം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ഇസ്ലാമിൽ നിർബന്ധമല്ലെന്നും വിദേശ രാജ്യങ്ങളിലെ മത രീതികൾ തങ്ങൾ പിന്തുടരേണ്ടതില്ലെന്നും കസാഖ് മാധ്യമങ്ങൾ പ്രസിഡന്‍റിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

Also Read : കർണാടകയിൽ ഹിജാബ് ധരിക്കാൻ അനുമതി; ഇളവ് സർക്കാർ സർവീസ് പരീക്ഷകളിൽ, തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോൺഗ്രസ്

2017ൽ കസാക്കിസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. 2023 ൽ, എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ നിരോധനം ബാധകമാക്കി. ഇതിൽ പ്രതിഷേധിച്ച് 150ൽ അധികം പെൺകുട്ടികൾ സ്കൂളിൽ പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. സ്കൂൾ ഒരു വിദ്യാഭ്യാസ സ്ഥാപനമാണെന്നും അവിടെ മതപരമായ വസ്ത്രധാരണത്തിന് സ്ഥാനം നൽകാൻ കഴിയില്ലെന്നും അന്ന് പ്രസിഡന്റ് ടോകയേവ് വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top