നാളെ കേരളം സ്തംഭിപ്പിക്കാൻ ഇടതുമുന്നണി; ഗണേശനെ തള്ളി ടിപി രാമകൃഷ്ണൻ

കെഎസ്ആർടിസി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി എൽഡിഎഫ് കൺവീനറും സിഐ ടി യു സംസ്ഥാന പ്രസിഡന്റുമായ ടി.പി രാമകൃഷ്ണൻ. നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുള്ള ഗതാഗത മന്ത്രിയുടെ പണിമുടക്കിനെതിരായ അഭിപ്രായം ശരിയായില്ലെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. കെഎസ്ആർടിസിയിലെ തൊഴിലാളികൾ പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
നാളത്തെ പണിമുടക്കിൽ കെഎസ്ആർടിസി നിരത്തുകളിൽ ഓടുമെന്നും, സമരത്തിന്റെ ആവശ്യമില്ലായെന്നും, ജീവനക്കാർ സന്തുഷ്ടരാണെന്നും ഗണേഷ് കുമാർ ഇന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ തവണ പണിമുടക്കിൽ ആറ് ശതമാനം ജീവനക്കാർ മാത്രമേ പങ്കെടുത്തിട്ടുള്ളു എന്നും ഗതാഗത മന്ത്രി കണക്കുകൾ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെ മന്ത്രിയെ തിരുത്തികൊണ്ടുള്ള എൽ ഡിഎഫ് കൺവീനറുടെ പരസ്യ പ്രഖ്യാപനം.
എന്നാൽ നാളത്തെ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് ശമ്പളം റദ്ദാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചുകഴിഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിനെ അറിയിക്കുമെന്നും ആണ് കെഎസ്ആർടിസി സിഎംഡി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഇതോടെ തികഞ്ഞ ആശയകുഴപ്പമാണ് ഉടലെടുത്തിരിക്കുന്നത്. എൽഡിഎഫ് കൺവീനറുടെ പ്രഖ്യാപിച്ചത് പ്രകാരം ജീവനക്കാർ പണിമുടക്കുമോ, അതോ മന്ത്രിയുടെ ആഹ്വാനപ്രകാരം ജോലിക്ക് കയറുമോ എന്നാണ് ഇനി അറിയാനുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here