രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ ഗവർണർ; ഫോട്ടോകൾ പുറത്തുവിട്ട് രാജ്ഭവന്

തീർത്തും അസാധാരണ തർക്കമാണ് രാജ്ഭവനും സർക്കാരും തമ്മിൽ വളർന്നു വികസിക്കുന്നത്. പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴം രാവിലെ രാജ്ഭവനിൽ നടക്കാനിരിക്കെ അതിനായി വച്ച ഭാരതാംബയുടെ ഫോട്ടോ മാറ്റണമെന്ന കൃഷിമന്ത്രി പി പ്രസാദിൻ്റെ നിലപാടാണ് പ്രശ്നമായത്. ആർഎസ്എസ് ഉപയോഗിക്കുന്നത് മാതിരിയുള്ള ചിത്രമാണ് അത് എന്നതായിരുന്നു കാരണം.
അത് മാറ്റിവയ്ക്കാൻ തയ്യാറില്ലെന്ന് രാജ്ഭവൻ അറിയിച്ചതോടെ പരിപാടി സെക്രട്ടേറിയറ്റ് വളപ്പിലെ ദർബാർ ഹാളിൽ നടത്തി. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരിസ്ഥിതി ദിന പരിപാടി നടത്തിയ രാജ്ഭവൻ, അതേ ചിത്രത്തിൽ ഗവർണർ പൂക്കൾ അർപ്പിക്കുന്നതിൻ്റെ ഫോട്ടോകൾ വൈകിട്ടോടെ പുറത്തുവിട്ടു. ഇത് സർക്കാരിനോടുള്ള വെല്ലുവിളിയായി തന്നെയാണ് കണക്കാക്കുന്നത്.
ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി കഴിഞ്ഞയാഴ്ച രാജ്ഭവനിൽ പ്രസംഗിച്ചത് പ്രതിപക്ഷം വിവാദമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിൻ്റെ പേരിൽ പഴയകാല ദേശീയ നേതാക്കളെ അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. അന്നും ഇതേ ഭാരതാംബ ചിത്രം വേദിയിൽ ഉണ്ടായിരുന്നു. ആ വിഷയത്തിൽ ഗവർണർക്കെതിരെയോ രാജ്ഭവനെതിരെയോ ഒരു പ്രതികരണത്തിനും സർക്കാർ തയ്യാറായിരുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here