കേരള ബിജെപി കോര്‍പ്പറേറ്റ് കമ്പനി; അടിമപണി പറ്റില്ലെന്ന് മണ്ഡലം പ്രസിഡന്റുമാര്‍; രാജീവ് ചന്ദ്രശേഖര്‍ ശൈലിയില്‍ വിമര്‍ശനം ശക്തം

വ്യവസായി കൂടിയായ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കി നിയമിച്ച് ബിജെപി ലക്ഷ്യമിട്ടത് ചിട്ടയോടെയുള്ള പ്രവര്‍ത്തനവും ജനങ്ങളിലേക്കുള്ള സ്വീകാര്യതയുമായിരുന്നു. ചുമതലയേറ്റെടുത്തതു മുതല്‍ അദ്ദേഹം പിന്‍തുടര്‍ന്നതും ഈ ശൈലിയിലുളള പ്രവര്‍ത്തനം തന്നെ ആയിരുന്നു. പാര്‍ട്ടി ഭാരവാഹികളെ കൊണ്ട് പരമാവധി പണി എടുപ്പിക്കുക എന്ന രാജീവ് ചന്ദ്രശേഖറിന്റെ ശൈലിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തമാകുന്നു.
സംസ്ഥാന അധ്യക്ഷൻ്റേത് കോര്‍പ്പറേറ്റ് ശൈലിയാണെന്നാണ് പ്രധാന വിമര്‍ശനം. ബിജെപി ഇന്‍ചാര്‍ജുമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഈ വിമര്‍ശനം ഉയര്‍ന്നത്. മണ്ഡലം പ്രസിഡന്റുമാര്‍ക്ക് മേല്‍ താങ്ങാന്‍ കഴിയാത്ത അത്രയും പരിപാടികള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നാണ് പരാതി. കോര്‍പ്പറേറ്റ് കമ്പനി ജീവനക്കാരോട് പെരുമാറുന്നതു പോലെയാണ് നേതൃത്വം ഇടപെടലുകള്‍ നടത്തുന്നത്. ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അഭിപ്രായം ഉയര്‍ന്നു.
ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ശില്പ്പശാലകള്‍ നിരന്തം വരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് 15 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പരിപാടിയുമുണ്ട്. ഇതിനൊപ്പമാണ് ശ്രീകൃഷ്ണ ജയന്തി അടക്കമുള്ള ആഘോഷങ്ങള്‍. ചുരുക്കത്തില്‍ നിലത്ത് നില്‍ക്കാന്‍ സമയമില്ലാത്ത അവസ്ഥയാണ്. അധിക ജോലി സമ്മര്‍ദ്ദം കാരണം മണ്ഡലം പ്രസിഡന്റുമാര്‍ രാജിക്കൊരുങ്ങുകയാണെന്നും ഇന്‍ചാര്‍ജുമാര്‍ യോഗത്തില്‍ വിമര്‍ശിച്ചു.
രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ചത് യോഗത്തില്‍ സംസാരിച്ചത് എം.ടി രമേശും എസ്. സുരേഷും മാത്രമാണ്. രാജീവ് ചന്ദ്രശേഖറിനെതിരെ കുറച്ചു നാളായി ഉരുണ്ടു കൂടുന്ന അതൃപ്തിയാണ് ഇപ്പോള്‍ പാര്‍ട്ടി യോഗങ്ങളില്‍ പുറത്തേക്ക് വരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here